LocalNEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു വീണ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം കല്ലുവേലി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്ത പത്തനംതിട്ട തണ്ണിത്തോട് സ്വദേശി രാഹുലാണ് (34) രക്ഷപ്പെട്ടത്. സ്റ്റേഷന്‍ അടുത്തെത്തിയതോടെ ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഡോറിന്റെ സമീപത്തു യാത്ര ചെയ്തിരുന്ന രാഹുല്‍ പെട്ടെന്നു ട്രെയിനില്‍ നിന്നു താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ റെയില്‍ പാളത്തിനു സമീപത്തു നിന്നു മാറ്റി, പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ ഫുട്‌ബോര്‍ഡില്‍ നിന്നോ ഇരുന്നോ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. റെയില്‍വേയുടെ നിയമത്തിനെതിരുമാണ്. 200 കിലോയോളം ഭാരമുണ്ട് ബോഗിയുടെ വാതിലിന്. വാതിലിനു സമീപത്തെ കമ്പിയില്‍ കൈകള്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്നവരെ കാണാം. കാറ്റു വരുമ്പോള്‍ വാതില്‍ പെട്ടെന്ന് അടയാനുള്ള സാധ്യതയുണ്ട്. വാതിലില്‍ നില്‍ക്കുന്നയാള്‍ തെറിച്ചു പോയേക്കാം.

Back to top button
error: