Breaking NewsNEWS

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ സി.ബി.ഐ ഇന്നു ചോദ്യംചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കി. കേസില്‍ ശിവശങ്കറിനെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.

നിര്‍ധനര്‍ക്കുള്ള ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം.

കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്. സരിത്ത്, ലൈഫ് മിഷന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സി.ബി.ഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടി രൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്. മുഖ്യമന്ത്രി വിദേശ പര്യടനത്തിനായി യൂറോപ്പിലേക്കു പോയതിനു പിന്നാലെയാണ് മുന്‍വിശ്വസ്തനെ സി.ബി.ഐ േചാദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

 

Back to top button
error: