Breaking NewsNEWS

മുഖം കവര്‍ന്ന വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് പ്രഭുദാസ് പ്രസന്നന്‍ മരണത്തിനു കീഴടങ്ങി

ആലപ്പുഴ: അപൂര്‍വ്വ രോഗത്തിനെതിരെ പോരാടുകയും വിവിധ മേഖലകളില്‍ ശ്രദ്ധയേനാകുകയും ചെയ്ത പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതുറ തെക്കേതില്‍ പ്രസന്നന്‍-ബിന്ദു ദമ്പതികളുടെ മകനാണ്.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അന്ത്യം. ജനിച്ചപ്പോള്‍ മുതല്‍ മുഖത്തിന്റെ ഒരു ഭാഗത്ത് അസാധാരണമായ മറുകുണ്ടായിരുന്നു പ്രഭുലാലിന്.

ഒട്ടേറെ ചികിത്സിച്ചെങ്കിലും മറുക് വളര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. പലപ്രാവശ്യം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. തന്റെ ശാരീരികാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയില്‍ തളരാതെ പ്രഭുലാല്‍ എം.കോം വരെ പഠനം പൂര്‍ത്തിയാക്കി. സിനിമയിലും വേഷമിട്ടു. മറ്റുമേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി.

ഹരിപ്പാട് നഗരസഭയില്‍ ജോലി ലഭിച്ചിരുന്നു. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണ് മരണം.

ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലാലിനൊപ്പം വളര്‍ന്നപ്പോള്‍ മുഖത്തിന്റെ പാതിയും കവര്‍ന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക് പ്രഭുലാലിന്റെ ശരീരത്തിലെ 80 % ത്തില്‍ അധികം ഭാഗവും കവര്‍ന്നെടുത്തിരുന്നു. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സര്‍ജറികള്‍ ചെയ്തിരുന്നു. എങ്കിലും മുഴ പുറത്തേക്ക് വരികയും വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയുമായിരുന്നു. എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

സ്‌കൂള്‍ കാലത്ത് തന്റെ രൂപമോര്‍ത്ത് സങ്കടപ്പെടാറുണ്ടായിരുന്നെന്ന് അഭിമുഖത്തില്‍ പ്രഭുലാല്‍ പറഞ്ഞിരുന്നു.. സ്‌കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും അതിന്റെതായ പ്രാധാന്യമുണ്ടെന്ന് അമ്മ ബിന്ദു അവനോട് പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകളാണ് സ്വന്തം രൂപത്തെപ്പറ്റിയുള്ള ചിന്ത മറന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പ്രഭുലാല്‍ അന്ന് പറഞ്ഞത്.

 

 

Back to top button
error: