KeralaNEWS

സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം: ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: എയിംസ് കാസര്‍ഗോഡ് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തി എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റില്‍ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പോലീസ് വ്യക്തമാക്കി.

സെക്രട്ടേറിയേറിന് മുന്നില്‍ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു നിരാഹാര സമരം. ഇന്ന് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു. അതേസമയം, സമരം തുടരുമെന്നും ആശുപത്രി വിട്ടാല്‍ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി വ്യക്തമാക്കി. സമരത്തിന് ഫലമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

കോവിഡ് കാലത്ത് ചികിത്സയ്ക്കായി അതിര്‍ത്തിയില്‍ കാത്തു കിടക്കേണ്ടി വന്നതും മെഡിക്കല്‍ കോളജ് തറക്കല്ലിട്ട് വര്‍ഷങ്ങളായിട്ടും ജനങ്ങള്‍ക്ക്് പൂര്‍ണമായി ഉപകരിക്കാത്തതും അടക്കം കാസര്‍ഗോട്ടെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സമരം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചികിത്സക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം കിട്ടുന്ന എയിംസിനായുള്ള പരിഗണനാ പട്ടികയില്‍ കാസര്‍ഗോഡിനെ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കൂടി മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇടപെടുന്നത് വരെ സമരമെന്ന് പ്രഖ്യാപിച്ചാണ് ദയാബായിയുടെ രാപ്പകല്‍ നിരാഹാര സമരം.

മുന്‍പ് പലതവണ ചര്‍ച്ചയായതും, വര്‍ഷങ്ങള്‍ നീണ്ട സമരങ്ങളുണ്ടായതും താല്‍ക്കാലിക പരിഹാരത്തിലൊതുങ്ങിയതുമായ വിഷയത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ എങ്ങനെയുണ്ടാകുമെന്ന ചോദ്യങ്ങളും സമരത്തോടൊപ്പം ഉയരുന്നുണ്ട്. മൂന്നാം ദിവസം പിന്നിടുന്ന സമരം ഇനിയും ചര്‍ച്ചയുടെ വഴിയിലേക്കെത്തിയിട്ടില്ല. ഏതായാലും ഗൗരവമുള്ള ഇടപെടലുകളില്ലാതെ സര്‍ക്കാരിന് സമരം തീര്‍ക്കാനാവില്ല.

 

 

Back to top button
error: