KeralaNEWS

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശബരീനാഥനു പിന്നാലെ തരൂരിനെ പിന്തുണച്ച് ഹൈബിയും

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയെ പിന്തുണച്ച് ഹൈബി ഈഡന്‍ എംപിയും. തരൂരിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ‘ലൗ ഇമോജി’കള്‍ക്കൊപ്പമാണ് തരൂരിന്റെ ചിത്രം ഹൈബി പങ്കുവച്ചത്. മുന്‍ എം.എല്‍.എ കെ.എസ്.ശബരീനാഥനും തരൂര്‍ വിജയിക്കേണ്ട ആവശ്യകത അക്കമിട്ട് നിരത്തി രംഗത്തുവന്നു. ഹൈബി കൂടി എത്തിയതോടെ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ് യുവനേതാക്കള്‍ തരൂരിന് പിന്തുണയായി വരുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അതാണ് തന്റെ മനസാക്ഷിയെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് നിര്‍ദേശിക്കില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. എ.ഐ.സി.സി അംഗങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാം. വോട്ട് അവരവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഖര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. മത്സരിക്കാനായി ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠി സമര്‍പ്പിച്ച പത്രിക തള്ളി. വ്യാഴാഴ്ച രാത്രി വൈകി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഖാര്‍ഗെയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖാര്‍ഗെ രാജിവച്ചു. ഖാര്‍ഗെയുടെ പത്രികകളിലൊന്നില്‍ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.

 

Back to top button
error: