Breaking NewsNEWS

ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം: 129 മരണം

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്തോനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.

മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മത്സരം കാണാന്‍ ഏകദേശം 42,500 കാണികളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇന്തോനീഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

 

Back to top button
error: