IndiaNEWS

‘ഇന്ന് സാനിറ്ററി പാഡുകൾ, നാളെ നിങ്ങള്‍ക്ക് കോണ്ടം വേണമെന്ന് പറയുമായിരിക്കും’ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ബീഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി ഹര്‍ജോത് കൗര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ഹര്‍ജോത് കൗര്‍ അതിരൂക്ഷമായി അധിക്ഷേപിച്ചത്.

‘ഇന്ന് സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടും, നാളെ നിങ്ങള്‍ക്ക് കോണ്ടം വേണമെന്ന് പറയുമായിരിക്കും’ എന്നായിരുന്നു മറുപടി. ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സംഭവം. ഈ വിചിത്രമായ പ്രസ്താവനയെത്തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് ഹര്‍ജോത് കൗറിന്റെ പരാമര്‍ശത്തെ എതിർത്ത് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

’20-30 രൂപയുടെ സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെ’ എന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പരിപാടിയില്‍ ചോദിച്ചു
”നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ജീന്‍സും ഷൂസും നല്‍കാമെന്ന്. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്കും സൗജന്യ കോണ്ടം വേണമെന്നും ആവശ്യപ്പെടും”-
ഹര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വോട്ടുകളാണ് സര്‍ക്കാരിനെ ഉണ്ടാക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചപ്പോള്‍, ഹര്‍ജിത് കൗര്‍ പൊട്ടിച്ചിരിച്ചു.

”ഇത് മണ്ടത്തരത്തിന്റെ കൊടുമുടിയാണ്. എങ്കില്‍ വോട്ട് ചെയ്യരുത്. പാകിസ്താന്‍ ആകൂ, പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്?”
ഹര്‍ജിത് കൗര്‍ ചോദിക്കുന്നു

Back to top button
error: