NEWSWorld

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. മഹ്സയുടെ മരണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ മരിച്ചു.

ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യു.എന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യവും തുല്യതയുമാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 15 നഗരങ്ങളിലാണ് വലിയ തോതില്‍ പ്രതിഷേധം അരങ്ങേറുന്നത്. അതേസമയം, രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചു.

 

 

 

Back to top button
error: