Cover StoryFrom the EditorNationalNews

കർണാടകയിലെ പിഴവ് ബിജെപിയുടെ പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളെ വരെ പ്രതികൂലമായി ബാധിക്കുന്നത് ഇങ്ങനെ

വിശ്വജിത്

ബിജെപിയുടെ പ്രധാനലക്ഷ്യം 2019ൽ കൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണം പിടിക്കുകയെന്നതാണ്. കർണാടകത്തിൽ അധികാരത്തിലേറിയാൽ സ്വപ്നസമാന തുടക്കമാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ രൂപവൽക്കരിക്കാൻ ബിജെപി നടത്തിയ ശ്രമം ആ പാർട്ടിയുടെ പൊതുതെരഞ്ഞെടുപ്പ് സാധ്യതകളെ വരെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കേവലഭൂരിപക്ഷമില്ലാതെ സർക്കാർ രൂപവൽക്കരിക്കാൻ ബിജെപി നടത്തിയ ശ്രമം ആണ് കോൺഗ്രസ്‌ -ജെ ഡി എസ് ബാന്ധവത്തിനു നിദാനമായത്. ഇപ്പോഴത്തെ നിലയനുസരിച്ചു ഈ സഖ്യം 2019 പൊതുതെരഞ്ഞെടുപ്പ് വരെ നീണ്ടാൽ ബിജെപിക്ക് കർണാടകത്തിൽ നിന്ന് പരമാവധി ലഭിക്കുന്ന സീറ്റ്‌ 7 ആയി പരിമിതപ്പെടും. അതായത് 28ൽ 21ഉം കോൺഗ്രസ്‌ -ജെ ഡി എസ് സഖ്യം പിടിച്ചെടുക്കുമെന്നർത്ഥം.

മറിച്ച് വോട്ടെണ്ണലിന്റെ തുടക്കം നൽകിയ ആത്മവിശ്വാസത്തിൽ ജെ ഡി എസിനെ തള്ളിപ്പറയാതെ സഖ്യ സാധ്യത ആരാഞ്ഞിരുന്നെങ്കിൽ ഈ സഖ്യത്തിന് 28ൽ 28ഉം ലഭ്യമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരു പാർട്ടികളുടെയും വോട്ടുബാങ്ക് പരസ്പരപൂരകമാണെന്നതാണ് ഇതിനു കാരണം. വടക്കൻ -മധ്യ ലിങ്കായത് മേഖലയിൽ ബിജെപി ശക്തരാണ്. തെക്കൻ വൊക്കലിംഗ മേഖലയിൽ ജെ ഡി എസ് അതീവശക്തരാണ് താനും.

ഇനിയിപ്പോൾ എം എൽ എ മാരെ സ്വാധീനിച്ച് കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ചാൽ പോലും കർണാടക ഭരണം പിടിക്കാമെന്നല്ലാതെ ലോകസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകില്ല. സർക്കാരിനെ വീഴ്ത്തിയ ദേഷ്യത്തിൽ കുമാരസ്വാമി കോൺഗ്രസുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുകയെ ഉള്ളൂ.

ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ സഖ്യങ്ങൾക്ക് ആകുമെന്ന് കർണാടകം തെളിയിച്ചു. ഇതാണ് ബിജെപിക്ക് ഏറ്റവും വലിയ വെല്ലുവിളി. വഴങ്ങാൻ കോൺഗ്രസും ഇണങ്ങാൻ മറ്റു കക്ഷികളും മെയ്‌വഴക്കം കാണിച്ചാൽ 2019ൽ ബിജെപി പച്ച തൊടില്ല. ബിജെപിയുടെ ശക്തിദുർഗമായ ഹിന്ദി ഹൃദയഭൂവിൽ തിരിച്ചടി ബിജെപി പ്രതീക്ഷിക്കുന്നതാണ്. ദക്ഷിണേന്ത്യയിലെ പ്രകടനം കൊണ്ട് ആ നേട്ടം നികത്താം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പുതിയ നീക്കങ്ങളിലൂടെ ബിജെപി ആ സാധ്യതയുടെ കടക്കൽ ആണ് കത്തിവച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close