Cover StoryNational

എംഎ‍ല്‍എ.മാർ പുതുച്ചേരിയിലേക്കോ? വിമാനത്തില്‍ കേരളത്തിലെത്തിക്കാനും സാധ്യത; സുരക്ഷിത താവളം കേരളമെന്ന തിരിച്ചറിവില്‍ കുമാരസ്വാമി; കുതിരക്കച്ചവടം തടയാനുള്ള ജെഡിഎസ് യാത്ര യില്‍ സര്‍വ്വത്ര അവ്യക്തത

ബംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് എംഎ‍ല്‍എ.മാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി കൊച്ചിയിലെത്തിക്കാനുള്ള നീക്കം പാളി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രാത്രി അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര വേണ്ടെന്ന് വച്ചു.

ഇപ്പോഴും എംഎല്‍എമാര്‍ കേരളത്തിലെത്തുമെന്ന് സൂചനയുണ്ട്. യെദൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നിരിക്കെ എംഎല്‍എ മാരെ ബിജെപി ചാക്കിടുന്നത് തടയിടാന്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും രാത്രി തന്നെ കടത്തിയിരുന്നു. രാത്രി തന്നെ എംഎല്‍എമാര്‍ കയറിയ ബസ് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും അത് ഹൈദരാബാദിലേക്കാണോ കേരളത്തിലേക്കാണോ എന്ന് വ്യക്തമല്ല. അതിനിടെ ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗം എംഎല്‍എമാര്‍ കേരളത്തിലെത്തുമെന്ന സൂചനയും ഉണ്ട്. ഇതെല്ലാം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍. കേരളത്തിന്റെ അതിര്‍ത്തിയില്‍ എല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ പോകുന്നത് പുതുച്ചേരിയിലേക്കാണോ ഹൈദരാബാദിലേക്കാണോ കേരളത്തിലേക്കാണോ എന്ന് എംഎല്‍എമാര്‍ക്ക് പോലും വിവരമില്ല. ബംഗലുരുവില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമ്ബോള്‍ അവരെ കേരളത്തിലേക്ക് മാറ്റാനാണ് നീക്കമെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇന്നലെ രാത്രി വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ചാര്‍ട്ടേഡ് വിമാനം കിട്ടിയിരുന്നില്ല. എന്നാല്‍ കര്‍ണാടകയില്‍ നിന്നും എംഎല്‍എമാരുടെ സംഘം റോഡുമാര്‍ഗ്ഗം കേരളത്തിലേക്ക് തിരിച്ചെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സുരക്ഷ വര്‍ദ്ധിപ്പിച്ചത്. അതേസമയം വാളയാര്‍ പൊലീസിനോ, പാലക്കാട് പൊലീസിനോ വിവരം കിട്ടിയിട്ടില്ല. അതേസമയം കൊച്ചിയിലെ ഒരു ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തതായിട്ടും അഭ്യുഹങ്ങളുണ്ട്.

എംഎ‍ല്‍എ.മാരെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന് കേന്ദ്രസര്‍ക്കാര്‍ തടസ്സം നിന്നതായി രാത്രിനടത്തിയ പത്രസമ്മേളനത്തില്‍ ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. കേരളത്തില്‍ ബിജെപി.വിരുദ്ധ സര്‍ക്കാരാണെന്നതും ജെ.ഡി.എസിന്റെ പങ്കാളിത്തവുമാണ് എംഎ‍ല്‍എ.മാരെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിനുപിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലും കുമരകത്തും കോവളത്തും എംഎല്‍എമാര്‍ എത്താനാണ് സാധ്യത. കോണ്‍ഗ്രസ് എംഎ‍ല്‍എ.മാരെ പാര്‍പ്പിച്ച ബിഡദിയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. യെദൂരിയപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് സുരക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close