NationalNews

ഉടുപ്പിന് അനുസരിച്ച്‌ ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിത്’; ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച്‌ ചെന്നിത്തല

കൊച്ചി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള മുന്നണിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമെന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ട്വീറ്റ് സഹിതമാണ് ചെന്നിത്തല രംഗത്തെത്തിയത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളെ പുറത്ത് നിര്‍ത്തിയാണ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പുള്ള ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ഗോവയും മണിപ്പൂരുമുള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു. കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കര്‍ണാടകയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോള്‍ മുന്‍നിലപാട് വിഴുങ്ങുകയാണ്.

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയൊരു നടപടിയാണിത്. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്. ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള മുന്നണിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമെന്നുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ട്വീറ്റ് ഇവിടെ ചേര്‍ക്കുന്നു. ഈ നിയമം എന്ത് കൊണ്ട് കര്‍ണാടകയില്‍ പാലിക്കപ്പെടുന്നില്ല? ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണം, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close