NationalNews

ഗോവയിലും കര്‍ണാടകത്തിലും ഗവര്‍ണര്‍ക്ക് രണ്ടു രീതിയോയെന്ന് സിംഗ്‌വി ; പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ 6 വരെ സുപ്രീംകോടതി കേട്ടത് ചൂടേറിയ വാദങ്ങള്‍ ; ഇരുവരും നിരത്തിയ ന്യായീകരണങ്ങള്‍ ഇങ്ങിനെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകീയതയില്‍ സുപ്രീംകോടതിയില്‍ ഇന്ന് പുലര്‍ച്ചെ നടന്നത് അസാധാരണ നടപടികള്‍. ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതും യെദ്യുരപ്പയ്ക്ക് ഇന്ന് രാവിലെ 9.30 യ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തും സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേട്ടത് പുലര്‍ച്ചെ 2 മണിക്കും തീരുമാനമുണ്ടായത് നാലു മണിക്കൂറിന് ശേഷവും.

ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ദേ, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെ വാദം കേട്ട കേസില്‍ സുപ്രീംകോടതി തീരുമാനം വന്നത് രാവിലെ 5.45 ഓടെയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടു തുടങ്ങിയത്്. കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് മനു സിംഗ്‌വി, ബിജെപിയ്ക്ക് വേണ്ടി മൂന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹാത്ഗിയും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായിഴ

കോടതി നടപടികള്‍ക്ക് ശേഷം ഏകദേശം 2.30 യോടെയായിരുന്നു വാദം തുടങ്ങിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 എംഎല്‍എ മാര്‍ ഉണ്ടെന്നിരിക്കെ 104 എംഎല്‍എ മാര്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും വ്യാഴാഴ്ച രാവിലെ 9.30 യ്ക്ക് സത്യപ്രതിജ്ഞ നടത്താന്‍ അനുവദിക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ഇടപെട്ട് തിരുത്തണമെന്നും സിംഗ്‌വി വാദിച്ചു. തുടര്‍ന്ന് ഗവര്‍ണറുടെ നടപടി വിവേചന പരമല്ലെന്നും ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു റോത്തഗിയുടെ വാദം.

എന്നാല്‍ ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല എന്നതും ബിജെപി സഖ്യമുണ്ടാക്കി അവിടെ സര്‍ക്കാരുണ്ടാക്കിയതും സിംഗ്‌വി ചൂണ്ടിക്കാട്ടി. കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ജനാധിപത്യമാണ് നടപ്പാക്കേണ്ടിയിരുന്നത് എങ്കില്‍ ഭരിക്കാന്‍ ആവശ്യമായ ഭുരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ആയിരുന്നില്ലേയെന്നും സിംഗ്‌വി ചോദിച്ചു.

ഇതിന് പുറമേ സര്‍ക്കാരുണ്ടാക്കിയ ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ നടപടിയും സിംഗ്‌വി ചോദ്യം ചെയ്തു. മുമ്ബ് സമാന സാഹചര്യമുള്ള ചില കേസുകളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ കേവലം 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടി. ഇവിടെ ഏഴു ദിവസത്തിന് പകരം 15 ദിവസം നല്‍കിയതും ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ചു.

എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതും പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതും അസാധാരണ നടപടിയല്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നത് പരമോന്നത കോടതിക്ക് തടയിടാനാകുമോയെന്ന കോടതിയുടെ ചോദ്യത്തിന് മുമ്ബ് സംഭവിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞ സിംഗ്‌വിയോട് ഇപ്പോള്‍ കര്‍ണാടകയുടെ ചുമതല ആര്‍ക്കാണെന്നും കേയര്‍ ടേക്കര്‍ സര്‍ക്കാരിനാണെന്നു സിംഗ്‌വി മറുപടി നല്‍കുകയും ചെയ്തു.

ഒരു സംസ്ഥാനത്ത് ഭരണഘടനാ നടപടിക്രമങ്ങള്‍ നടക്കുമ്ബോള്‍ ഗവര്‍ണറെ സുപ്രീംകോടതി തടയണമെന്ന ആവശ്യത്തില്‍ കോടതി ആശ്ചര്യം രേഖപ്പെടുത്തുന്നതായി മൂന്നംഗ ബഞ്ച് പറഞ്ഞു. ഒരു ഗവര്‍ണര്‍ക്ക് സ്‌റ്റേ കൊടുക്കാനോ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുകയോ സുപ്രീംകോടതി മുമ്ബ് ചെയ്തിട്ടില്ലെന്ന കാര്യവും മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടന അനുസരിച്ച്‌ ഗവര്‍ണര്‍ തന്റെ പദവിയില്‍ വീഴ്ച വരുത്തിയാല്‍ കോടതി ഇടപെടാന്‍ ബാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ വിവേചനാധികാരം കൂടുതല്‍ സൂഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ട ആവശ്യമുണ്ടെന്ന് നിങ്ങള്‍ ആവശ്യപ്പെടുമ്ബോഴും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കിയിട്ടില്ലല്ലോ എന്ന് കോടതി പറഞ്ഞു. എന്നാല്‍ മുമ്ബ് ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുന്ന രീതിയില്‍ സ്‌റ്റേ നല്‍കുന്ന രീതി സുപ്രീംകോടതിയുടെ കീഴ്‌വഴക്കങ്ങളില്‍ ഇതുവരെ ഇല്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതും പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതും അസാധാരണമല്ലെന്ന വിലയിരുത്തിയ കോടതി ഒരു മണിക്കൂറായി പറഞ്ഞത് തന്നെ സിംഗ്‌വി വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏതാനും മിനിറ്റ് സിംഗ് വി ചോദിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗിയായിരുന്നു ബിജെപിയ്ക്കായി ഹാജരായത്. ഈ സമയത്ത് ഈ വിഷയം കേള്‍ക്കുന്നത് തന്നെ പിശകാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം വാദം തുടങ്ങിയത്.

ഏതു തരം ഭൂരിപക്ഷമാണ് ഇക്കാര്യത്തില്‍ അവകാശപ്പെടുന്നതെന്ന് അറിയണമെങ്കില്‍ ബിജെപിയുടെ കത്ത് കാണേണ്ടി വരുമെന്നും തങ്ങള്‍ക്ക് ഒന്നും ഊഹിക്കാന്‍ കഴിയില്ലെന്നും മൂന്നംഗ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ അനേകം കാര്യങ്ങളില്‍ അവ്യക്തത നില നില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദം തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് എണ്ണത്തില്‍ ബിജെപിയെക്കാള്‍ സീറ്റുണ്ടെങ്കില്‍ ബിജെപിയ്ക്ക് എങ്ങിനെ ഭൂരിപക്ഷം അവകാശപ്പെടാനാകുമെന്നും എന്തിനാണ് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയതെന്നും കോടതി ചോദിച്ചു.

സ്ഥാനാരോഹണവും മറ്റു കാര്യങ്ങളും പ്രാഥമിക പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ആണെന്നും കര്‍ണാടകാ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം സുപ്രീംകോടതിക്ക് വാദം കേള്‍ക്കാവുന്നതാണെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കുന്ന സമയം 15 ല്‍ നിന്നും 7 ദിവസമാക്കി ചുരുക്കാവുന്നതാണെന്ന് മുകുള്‍ റോഹാത്ഗി പറഞ്ഞു. വാദങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയാനോ അക്കാര്യത്തിലുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് തടയിടാനോ കോടതി വിസമ്മതിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങും സര്‍ക്കാര്‍ രൂപീകരണവും ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്ബ് നടക്കേണ്ട കാര്യങ്ങളാണെന്നായിരുന്നു കോടതി തുടര്‍ന്ന് പറഞ്ഞത്. ഇത് ബിജെപിയ്‌ക്കോ യെദ്യൂരപ്പയ്‌ക്കോ നല്‍കുന്ന ആനുകൂല്യമല്ലെന്ന് വിലയിരുത്തിയ കോടതി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അര്‍ദ്ധരാത്രിയില്‍ നടത്തിയ നിയമനപടി തുടരുമെന്നും പറഞ്ഞു. സത്യപ്രതിജ്ഞ നടക്കട്ടെയെന്നും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കേസ് നടക്കുമെന്നും മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി.

എന്നാല്‍ കാര്യമായി വാദം കേള്‍ക്കതെ അന്തിമമായി വിധി പ്രസ്താവിക്കരുതെന്നും സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 930 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നും സിംഗ്‌വി തന്റെ സബ്മിഷനില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു അഭിഭാഷകന്‍ മുഖേനെ പോലും കോടതിയില്‍ യെദ്യൂരപ്പ ഹാജരായിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കണമെന്നു കോടതി പറഞ്ഞു. എന്നാല്‍ പുലര്‍ച്ചെ 2.11 മുതല്‍ കോടതിയില്‍ മുകുള്‍ റോഹാത്ഗിയുടെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു സിംഗ്‌വി ചെയ്തത്.

തുടര്‍ന്ന് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയ ദിവസം സംബന്ധിച്ച വാദം രണ്ടു ദിവസത്തിന് ശേഷം കേള്‍ക്കാമെന്ന് റോഹാത്ഗി കോടതിയില്‍ പറഞ്ഞു. ഇതിന് സുപ്രീംകോടതി സത്യപ്രതിജ്ഞാ ചടങ്ങ് തടയാനാകില്ലെന്നും ഇക്കാര്യത്തില്‍ വാദം വെള്ളിയാഴ്ച രാവിലെ 10.30 യോടെ കേള്‍ക്കാമെന്നും വ്യക്തമാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് ഹര്‍ജിയില്‍ കര്‍ണാടകാ സര്‍ക്കാരിനും യെദ്യുരപ്പയ്ക്കും കോടതി നോട്ടീസ് അയച്ചു. കര്‍ണാടകാ ഗവര്‍ണര്‍ക്ക് ബിജെപി സമര്‍പ്പിച്ച ഹര്‍ജി കോടതിക്ക് മുമ്ബാകെ ഹാജരാക്കാനും മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു കോടതി പിരിഞ്ഞപ്പോള്‍ സമയം പുലര്‍ച്ചെ 5.47.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close