NEWS

കരിപ്പൂരില്‍ വീണ്ടും സ്വർണ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി

ലപ്പുറം: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം ആണ്  പിടികൂടിയത്.
ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. മലദ്വാരത്തിൽ കാപ്സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച്‌ കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്ന് രാവിലെ 10.15 ന് ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ആണ് (നമ്ബര്‍ 6E 89) നൗഫല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നൗഫലിന് പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല.

നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ വിശദമായ വൈദ്യപരിശോധനയ്ക്ക് പോലീസ് വിധേയനാക്കുകയായിരുന്നു.മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നല്‍കുന്ന കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.

Back to top button
error: