MovieNEWS

ഷൂട്ടിങ്ങിനിടെ അപകടം: നടി കേറ്റ് വിന്‍സ്ലെറ്റിന് പരുക്ക്

ലണ്ടന്‍: ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്. ക്രൊയേഷ്യയില്‍ ‘ലീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ തെന്നി വീണ താരത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും താരത്തോട് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിന്‍ കവര്‍ മോഡലും ഫോട്ടോഗ്രാഫറുമായിരുന്ന ലീ മില്ലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ടൈറ്റില്‍ റോളിലാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാനാണ് നടിയുള്‍പ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.

നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ ക്രൂരതകള്‍ പുറംലോകം അറിയാനിടയാക്കിയ ചിത്രങ്ങള്‍ ലോകശ്രദ്ധയില്‍ക്കൊണ്ടുവന്നവരില്‍ ഒരാളാണ് ലീ മില്ലര്‍. കേറ്റ് വിന്‍സ്ലെറ്റ് നായികയായി 2004-ല്‍ പുറത്തിറങ്ങിയ എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദ സ്‌പോട്ട്‌ലെസ്സ് മൈന്‍ഡ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായ എലന്‍ കുറാസാണ് ‘ലീ’ സംവിധാനം ചെയ്യുന്നത്.

Back to top button
error: