Breaking NewsNEWS

സര്‍ക്കാരിന്റെ ദൂതുമായി ചീഫ് സെക്രട്ടറി രാജ്ഭവനിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതരേ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും.

അവസാനവട്ട അനുനയ നീക്കമെന്ന രീതിയില്‍ വേണം ഈ കൂടിക്കാഴ്ചയെ കാണാന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തുന്നത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല.

നിയമനിര്‍മാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങളില്‍ പക്ഷേ സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറായേക്കും.

ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

 

 

Back to top button
error: