KeralaNEWS

പാണാവള്ളി കാപികോ റിസോര്‍ട്ട് ഇന്ന് പൊളിച്ചു തുടങ്ങും

പൂച്ചാക്കല്‍ (ആലപ്പുഴ): തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിനാല്‍ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് ഇന്നു പൊളിച്ചു തുടങ്ങും. റിസോര്‍ട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിര്‍ദേശമുണ്ട്. അതേസമയം, റിസോര്‍ട്ട് പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ റിസോര്‍ട്ട് ജീവനക്കാര്‍ തടഞ്ഞു.

ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റര്‍ പ്ലാന്‍ റിസോര്‍ട്ട് ഉടമകള്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നല്‍കി. 5900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതില്‍ നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതില്‍ രണ്ടു വില്ലകളാണ് ആദ്യം പൊളിക്കുന്നത്. 6 മാസംകൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തില്‍ വൈകിയ പൊളിക്കലാണ് ഇന്നു തുടങ്ങുന്നത്.

 

Back to top button
error: