KeralaNEWS

റേഷന്‍ കടയിലെത്തിയിട്ടും ഓണക്കിറ്റ് കിട്ടാത്തവർക്ക് സർക്കാർ വക ‘സത്യപ്രസ്താവന,’ പല സ്ഥലത്തും കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലെന്ന് പരാതി

   ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിയവർക്ക് അത് ലഭ്യമാക്കാൻ ‘സത്യപ്രസ്താവന’യുമായി സർക്കാർ. രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്.

ഇങ്ങനെ കിറ്റ്‌ കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോൺനമ്പർ, കാർഡ്നമ്പർ എന്നിവ കടയുടമകൾ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സത്യപ്രസ്താവന ഇറക്കിയിരിക്കുന്നത്.

“ ….എന്ന വ്യക്തി സർക്കാർ നിർദേശ പ്രകാരം നൽകുന്ന ഓണക്കിറ്റ് സെപ്റ്റംബർ ഏഴിന് രാത്രി എട്ടിനകം റേഷൻകടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ, കിറ്റ് നൽകാൻ കഴിയാത്തതിനാൽ ആയതിനുള്ള ടോക്കൺ നൽകിയിട്ടുള്ള വിഭാഗത്തിൽപ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു” എന്നാണ് സത്യപ്രസ്താവനയിലുള്ളത്.ഇതിനുതാഴെ റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഒപ്പിടുകയും ചെയ്യണം.

എന്നാൽ, ഇതിനുശേഷം ഇവർക്ക് കിറ്റെത്തിക്കാൻ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടില്ല. സത്യപ്രസ്താവന മാത്രമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഇത്തരത്തിൽ കിറ്റ് ലഭിക്കാത്തവരുടെ എണ്ണം കണക്കാക്കാനാണ് സർക്കാർ ആദ്യം ഉദ്ദേശിക്കുന്നത് എന്നാണറിയുന്നത്.

ഓണക്കിറ്റിൽ 500 രൂപയുടെ സാധനങ്ങളില്ല, 293 രൂപയുടെ മാത്രം

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ശക്തമായ പ്രതിഷേധം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കിറ്റ് വിതരണം നിര്‍ത്തിവെച്ചു. 15 ഇന ഓണക്കിറ്റില്‍ മിക്ക സാധനങ്ങളും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

മംപാട് ഓടായ്‌ക്കലില്‍ എആര്‍ഡി 116ാം നമ്പര്‍ കടയിൽ മുഴുവന്‍ സാധനങ്ങളുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. ഓണത്തിന് മുന്‍പ് കിട്ടാത്തവര്‍ക്കായിരുന്നു വിതരണം. പ്രദേശത്തെ 44 കുടുംബങ്ങളാണ് കിറ്റ് വാങ്ങാന്‍ ബാക്കിയുണ്ടായിരുന്നത്. ചൊവ്വാഴ്ച കിറ്റ് എത്തിയതായി റേഷന്‍ കടയുടമ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ റേഷന്‍ കടയില്‍ എത്തിയത്. എന്നാല്‍ കിറ്റ് വാങ്ങി നോക്കിയപ്പോള്‍ 11 ഇനങ്ങള്‍ മാത്രം.

ഇതോടെ നാട്ടുകാര്‍ കിറ്റിലെ സാധനങ്ങള്‍ വിപണി വിലവെച്ചു കണക്കു കൂട്ടിയപ്പോൾ 500 രൂപ കിറ്റില്‍ കേവലം 293 രൂപയുടെ സാധനങ്ങളേ ഉണ്ടായിരുന്നുള്ളു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റേഷന്‍ കടയില്‍ എത്തി ശക്തമായി പ്രതിഷേധിച്ചു. മറ്റ് കടകളില്‍ ബാക്കിയുണ്ടായിരുന്ന കിറ്റ് എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം തണുപ്പിച്ചത്.

Back to top button
error: