CrimeNEWS

നിരന്തരം ശല്യം ചെയ്തതിന് പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ചു; സഹോദരന്മാരെ പിടികൂടി പോലീസിന് കൈമാറി നാട്ടുകാര്‍

കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസില്‍ സഹോദരന്മാരായ യുവാക്കള്‍ പിടിയില്‍. നിരന്തരം ഫോണില്‍ ശല്യം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി പരാതി നല്‍കിയതിന്റെ പേരിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ അടക്കം ആക്രമിച്ചത്.

വീട്ടിലെ സാധനങ്ങളും ജനല്‍ച്ചില്ലും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂലേടം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക്് രണ്ടോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ സംഘത്തിലെ സഹോദരന്‍മാരായ രണ്ടുപേരെ പെണ്‍കുട്ടിയുടെ സമീപവാസികള്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കുട്ടിയുടെ വീടിന് സമീപത്ത് മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉച്ചയൂണിന് വീട്ടിലെത്തിയപ്പോള്‍ ബഹളം കേട്ട് ചെന്നപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ സമീപത്തുളളവരെ വിളിച്ചുചേര്‍ത്ത് രണ്ടുപേരെയും പിടിച്ചുകെട്ടി പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

Back to top button
error: