IndiaNEWS

ഗുജറാത്ത് സര്‍ക്കാര്‍ കനിഞ്ഞു; രാജ്യത്തെ നടുക്കിയ അതിക്രൂരമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് മോചനം

അഹമ്മദാബാദ്: ഗുജഹാത്ത് സര്‍ക്കാരിന്റെ ശിക്ഷാ ഇളവിനെത്തുടര്‍ന്ന് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തംതടവില്‍ കഴിയുകയായിരുന്ന 11 പ്രതികള്‍ക്കും മോചനം. പ്രതികള്‍ ഗോദ്രയിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകള്‍ അടക്കം 7 കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊല്ലുകയുമായിരുന്നു. മരിച്ചെന്ന് കരുതി പ്രതികള്‍ ഉപേക്ഷിച്ച് പോയ ബില്‍കിസ് ബാനുവാണ് പിന്നീട് നിയമപോരാട്ടം നടത്തുകയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തത്. 2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെച്ചു.

15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഞായറാഴ്ചയാണ് ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയതെന്ന് സമിതിക്ക് നേതൃത്വം കൊടുത്ത പഞ്ച്മഹല്‍ ജില്ലാ കളക്ടര്‍ സുജല്‍ മായത്ര പറഞ്ഞു.

അതേസമയം പ്രതികള്‍ പുറത്തിറങ്ങിയതിനു പിന്നാലെ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് മോദി പ്രസംഗിക്കുമ്പോഴാണ് പ്രതികളെ തുറന്ന് വിടുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ സ്വാതന്ത്ര്യ ദിനാഘോഷമാണ് കണ്ടതെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി ആഞ്ഞടിച്ചു. ബില്‍കിസ് ബാനുവിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമപരമല്ലാത്തതൊന്നും ചെയ്തിട്ടില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.

 

 

Back to top button
error: