KeralaNEWS

ദില്ലിയില്‍ പ്രതിഷേധത്തിനും അറസ്റ്റിനും സാധ്യത: പരിപാടിറദ്ദാക്കി ജലീല്‍ പുലര്‍ച്ചെ കേരളത്തില്‍; വീട്ടില്‍നിന്ന് സന്ദേശമെത്തിയതുകൊണ്ടാണ് മടക്കമെന്ന് എ.സി. മൊയ്തീന്‍

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ വിവാദം ശക്തമായിരിക്കെ ഡല്‍ഹിയിലെ മുന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി കെ.ടി. ജലീല്‍ എം.എല്‍.എ. കേരളത്തില്‍ തിരിച്ചെത്തി. നിയമസഭാ പ്രവാസിക്ഷേമകാര്യ സമതിയംഗമായ ജലീല്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ പോയശേഷം ശനിയാഴ്ച രാത്രി പത്തോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. വിമാനത്താവളത്തില്‍നിന്ന് രാത്രി തങ്ങാനായി കേരള ഹൗസിലെത്തിയപ്പോഴും ചോദ്യങ്ങളോട് മുഖംതിരിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തില്‍ പങ്കെടുക്കാതെയാണ് ജലീലിന്റെ മടക്കം.

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുകയായിരുന്നു. ഇന്ന് കേരളത്തിലെത്തിയ ജലീല്‍ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് ഒരുരീതിയിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

കശ്മീര്‍ സന്ദര്‍ശനത്തിനിടെ ജലീല്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരേ ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. കൂടാതെ ഇന്ന് ജലീലിനെതിരേ പ്രതിഷേധം ഉണ്ടാകാനും സാധ്യത നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെയുള്ള മടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവാദ പോസ്റ്റിന്റെ പേരില്‍ ജലീലിനെതിരേ രണ്ട് കേസുകളാണ് നിലവിലുള്ളത്. സുപ്രീംകോടതി അഭിഭാഷകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ ജി.എസ്. മണിയാണ് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതു കൂടാതെ തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പരാതിയുണ്ട്.

വിവാദത്തെത്തുടര്‍ന്ന് അദ്ദേഹം ഇന്നലെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പോസ്റ്റ് വിശദീകരിച്ച് രംഗത്തെത്തിയ ജലീല്‍, പ്രതിഷേധം തണുക്കാഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. എന്നാല്‍ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. അതേസമയം, വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് നിയമസഭാ സമിതി അധ്യക്ഷനായ എ.സി. മൊയ്തീന്‍ പറഞ്ഞു.

Back to top button
error: