KeralaNEWS

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം സംഘടനകള്‍; ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമെന്ന്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന്  മുസ്ലീം സംഘടനകള്‍. കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളേയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.

ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇടത് സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമെന്നും പിന്‍വാങ്ങണമെന്നും യോഗത്തിന് ശേഷം ലീഗ് നേതാവ് റഷീദ് അലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഡോ.എം.കെ മുനീര്‍ (മുസ്ലിം ലീഗ്) ഡോ മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വി (സമസ്ത) പ്രാഫ.എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത് ) ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി) പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ അഷ്റഫ് (വിസ്ഡം) കടവനാട് മുഹമ്മദ് (എം.ഇ.എസ്.) അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ) പി.എം ഹനീഫ (മര്‍കസുദ്ദഅവ) സി മരക്കാരുട്ടി, അബ്ദുസ്സലാം വളപ്പില്‍ (കെ.എന്‍.എം) എഞ്ചിനീയര്‍ മുഹമ്മദ് കോയ (എം.എസ്.എസ്.) എന്നിവര്‍ പങ്കെടുത്തു.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Back to top button
error: