NationalNews

വീട്ടുതടങ്കലില്‍ തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു’: ഹാദിയ സുപ്രിം കോടതിയില്‍

ദില്ലി: വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നതായി ഹാദിയ. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നതായും ഹാദിയ.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിച്ചിരിക്കുന്നത്. വീട്ടില്‍ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്.

ഒരു ദിവസം അമ്മ പ്രാതല്‍ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോള്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. അടുക്കളയില്‍ എത്തിയപ്പോള്‍ തനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെ ഞെട്ടിപ്പിച്ചു.

അമ്മയുടെ ഈ പ്രവൃത്തി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ തന്നെ കേള്‍ക്കാനോ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. അന്ന് മുതല്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് അതോടെ വ്യക്തമായതായും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭക്ഷണത്തില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി മനസിലായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നു എന്നതിന് തെളിവുണ്ടെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാമെന്നും പൊലീസുകാരെ അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല. മൂന്നാം ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി തന്നെ സന്ദര്‍ശിക്കുകയും ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ ദിവസവും ജില്ലാ പൊലീസ് മേധാവി കാണാന്‍ എത്തിയില്ല.

ഇതേത്തുടര്‍ന്ന് വീണ്ടും നിരാഹാരം ആരംഭിച്ചു. റംസാന്‍ മാസത്തിലെ നിരാഹാരവും തുടര്‍ന്നുള്ള ആറ് ദിവസത്തെ നിരാഹാരവും ആരോഗ്യനില വഷളാക്കി. കടുത്ത അണു ബാധയെ തുടര്‍ന്ന് ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ട് പോയതായും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതി അനുദിനം വഷളായിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്റെ പക്കലുള്ള തെളിവ് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇസ്ലാം മതത്തില്‍ തുടരാന്‍ ഉള്ളതന്റെ നിശ്ചയദാര്‍ഢ്യം രാഹുല്‍ ഈശ്വറിന് ബോധ്യം ആയി. ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുല്‍ ഈശ്വരനോട് പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടും എന്ന് രാഹുല്‍ ഈശ്വറിനെ അറിയിച്ചിരുന്നു. മരിച്ചാല്‍ ഇസ്ലാം ആചാര പ്രകാരം ആണ് തന്റെ സംസ്‌കാരം നടത്തേണ്ടത് എന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണം എന്നും രാഹുല്‍ ഈശ്വരനോട് അഭ്യര്‍ഥിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്‌ബോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറു മാസത്തോളം വീട്ടുതടങ്കലില്‍ ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് പൊലീസിനോട് ആരാഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ലഭിക്കാന്‍ മൂന്ന് മാസം നിരാഹാരം കിടന്നു.

അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close