KeralaNEWS

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി: സിനിമാ സംഘടനകളളുടെ യോഗം ഓഗസ്റ്റ് 3 ന്, കുറയ്ക്കുമോ താരങ്ങളുടെ കോടികളുടെ പ്രതിഫലം

മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി നേരിടാന്‍ യോഗം ചേരാനൊരുങ്ങി സിനിമാ സംഘടനകള്‍. ഓഗസ്റ്റ് മൂന്നിന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് നിര്‍ണായക ചര്‍ച്ച. യോഗത്തില്‍ ഫിലിം ചേംബര്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, നിര്‍മ്മാതാക്കളുടെ സംഘടനയായ എഎഫ്പിഎ, ഫെഫ്ക എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരാന്‍ കഴിഞ്ഞ ഫിലിംചേംബര്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഇത് പ്രകാരമാണ് എല്ലാ സംഘടനയിലേയും നേതൃത്വവുമായി ചര്‍ച്ച നടക്കുന്നത്.

ലഭിക്കുന്ന വിവരമനുസരിച്ചു മോഹന്‍ലാല്‍ 12 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. ശരാശരി 10 കോടി രൂപയാണ് മമ്മൂട്ടി ഒരു ചിത്രത്തിന് വാങ്ങുന്ന വേതനം.

താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കലായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. നടന്‍മാര്‍ നിര്‍മ്മാതാക്കളാകുന്നത് നിലവിലെ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നതായി ഫിലിം ചേംബര്‍ വിലയിരുത്തിയിരുന്നു. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നഷ്ടം മറ്റൊരു സിനിമയില്‍ നിന്ന് പ്രതിഫലം വാങ്ങി പരിഹരിക്കുന്ന പ്രവണത ചില നടന്‍മാര്‍ക്കുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. പല സിനിമകള്‍ പരാജയപ്പെടുകയും ഒരു സിനിമ വിജയിക്കുകയും ചെയ്താല്‍ ചില താരങ്ങള്‍ പ്രതിഫലം ഇരട്ടിപ്പിക്കുകയാണ്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ടാലും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല.

നിര്‍മ്മാതാക്കളുടെ അധ്വാനത്തിന് പ്രതിഫലം നല്‍കുന്ന രീതി തെലുങ്ക് ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയിലുണ്ട്. ആ രീതി കേരളത്തില്‍ നടപ്പാക്കണമെന്ന ആവശ്യം ഫിലിം ചേംബര്‍ മുന്നോട്ടുവെച്ചിരുന്നു. ചില താരങ്ങളുടെ ഡേറ്റും ശമ്പളവും നിശ്ചയിക്കുന്നത് മാനേജര്‍മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ്.

Back to top button
error: