IndiaNEWS

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’യെന്ന് വിളിച്ച് കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ചതിനെതിരേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വന്‍ പ്രതിഷേധം. ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്.

ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ വിഷയം ഏറ്റെടുത്ത ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഭരണഘടനാ പദവിയേയും, ദ്രൗപദി മുര്‍മുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ബി.ജെ.പി. ആരോപിച്ചു. എന്നാല്‍ നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

മകളുടെ പേരില്‍ വ്യാജ ബാര്‍ ലൈസന്‍സ് നേടിയെന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധത്തിലായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിഷയത്തില്‍ ബിജെപിക്കായി മുന്നിട്ടിറങ്ങിയത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തി അധീര്‍ രഞ്ജന്‍ ചൗധരിക്കും സോണിയ ഗാന്ധിക്കും എതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. അധീര്‍ രഞ്ജന്‍ ചൗധരിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് സോണിയ ഗാന്ധിയാണെന്ന് ലോക്‌സഭയില്‍ സോണിയയുടെ സാന്നിധ്യത്തില്‍ സ്മൃതി ഇറാനിആഞ്ഞടിച്ചു.

രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും, സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം അധീര്‍ രഞ്ജന്‍ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചു. പിന്നാലെ പ്രക്ഷുബ്ധമായ സഭ  നിര്‍ത്തിവച്ചു.

 

 

Back to top button
error: