NEWS

37 വർഷങ്ങൾക്കു ശേഷവും മലയാളികളെ ഇളക്കിമറിക്കാൻ ആ ഗാനത്തിന് സാധിച്ചു;അല്ല 50 വർഷങ്ങൾക്കു ശേഷവും

ഔസേപ്പച്ചൻ മാജിക്കിന് പുനർജന്മം;ദേവദൂതർ പാടുന്നു വീണ്ടും വീണ്ടും
വിശ്വസിക്കാമോ? അര നൂറ്റാണ്ടു മുൻപ് സ്വപ്നസഞ്ചാരിയായ ഒരു പതിനേഴുകാരന്റെ വയലിനിൽ പിറന്ന ഈണമാണ് ഇന്ന് മലയാളികളുടെ ഏറ്റവും പുതിയ തലമുറ പോലും ഹൃദയപൂർവം ഏറ്റുപാടുന്നത്; കാലത്തിന്റെ കാവ്യനീതി പോലെ
“ദേവദൂതർ പാടി സ്നേഹദൂതർ പാടി, ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…”
1985 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “കാതോട് കാതോര”ത്തിൽ ഒ എൻ വി എഴുതി ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസും ലതികയും കൃഷ്ണചന്ദ്രനും രാധികയും ചേർന്ന്  പാടിയ ഗാനം. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന “ന്നാ താൻ കേസ് കൊട്” എന്ന പുത്തൻ സിനിമക്ക് വേണ്ടി ബിജു നാരായണന്റെ ശബ്ദത്തിൽ ദേവദൂതർ  പുനർജനിക്കുമ്പോൾ ഓർമ്മകൾ അറിയാതെ നാൽപ്പതു വർഷം പിറകിലേക്ക് സഞ്ചരിക്കുന്നു. ആദ്യമായി ആ പാട്ട് കേട്ട് മോഹിതനായ നിമിഷങ്ങൾ മനസ്സിൽ വന്നു നിറയുന്നു….
“പക്ഷേ യഥാർത്ഥത്തിൽ ആ ഈണം എന്റെ  വയലിനിൽ  പിറന്നത് അതിനും പതിമൂന്ന് വർഷം മുൻപാണ്.”– ഔസേപ്പച്ചന്റെ ഓർമ്മ. “അന്നെനിക്ക് പതിനേഴ് വയസ്സ്. മനസ്സ് നിറയെ സംഗീതസ്വപ്നങ്ങൾ.  വെറുതെയിരിക്കുമ്പോൾ  സന്തതസഹചാരിയായ വയലിൻ മീട്ടി നോക്കും.  അത്തരമൊരു സന്ദർഭത്തിൽ നിനച്ചിരിക്കാതെ വന്നു പിറന്ന ഈണമാണത്. ഇഷ്ടം തോന്നിയതു കൊണ്ട് അതങ്ങനെ മായാതെ മനസ്സിൽ കിടന്നു. പിന്നീട് “ആരവ”ത്തിന്റെ റീറെക്കോർഡിംഗ് വേളയിൽ ഞാനത് ഓർത്തെടുത്ത്  വയലിനിൽ  വായിച്ചപ്പോൾ സംവിധായകൻ ഭരതേട്ടനാണ് പറഞ്ഞത് പടത്തിന്റെ പശ്ചാത്തലത്തിൽ അതുപയോഗിക്കാം എന്ന്…” താരതമ്യേന തുടക്കക്കാരായ ജോൺസൺ — ഔസേപ്പച്ചൻ ടീമിനായിരുന്നു ആരവ (1978) ത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ ചുമതല.
“ആരവ”ത്തിന്റെ പിന്നണിയിൽ  നിന്ന് ആ ഈണത്തെ ഒപ്പിയെടുത്ത്   “കാതോട് കാതോര”ത്തിൽ ഒരു ക്വയർ സോംഗാക്കി മാറ്റാൻ നിർദ്ദേശിച്ചതും സംഗീത പ്രേമിയായ ഭരതൻ തന്നെ. ഏഴു വർഷം കഴിഞ്ഞിട്ടും ഭരതന്റെ ഓർമ്മയിൽ മങ്ങാതെ കിടന്നിരുന്നു ആ സംഗീതശകലം എന്നതാണ് അത്ഭുതം. ഒ എൻ വിയുടെ വരികൾ പിറകെ വന്നു; ഗന്ധർവനാദവും. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് യാത്ര തുടങ്ങിയിരുന്നതേയുള്ളൂ ദേവദൂതർ.
ആദ്യ ചിത്രത്തിന്റെ റെക്കോർഡിംഗ് കൗതുകമാർന്ന ഓർമ്മയാണ് ഔസേപ്പച്ചന്. കാസറ്റിനു വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും വെവ്വേറെ  റെക്കോർഡ് ചെയ്ത പാട്ടാണിത്.  കാസറ്റിൽ ഇല്ലാത്ത  ഹമ്മിംഗും പല്ലവിയും സിനിമാ വേർഷനിൽ കൃഷ്ണചന്ദ്രന്റെ ശബ്ദത്തിൽ കേൾക്കാം. “രണ്ടാമത്തെ റെക്കോർഡിംഗ് സെഷനിൽ  ഞാൻ തന്നെയാണ് പാട്ട്  കണ്ടക്ട് ചെയ്തതും ഓർക്കസ്ട്രയിൽ ഇലക്ട്രിക്ക് വയലിൻ വായിച്ചതും.  സാമ്പത്തിക പരിമിതികൾ കാരണം മറ്റൊരു കണ്ടക്റ്ററുടെ സേവനം കടമെടുക്കാൻ നിവൃത്തിയില്ലായിരുന്നു.” — ഔസേപ്പച്ചൻ.
ആ  റെക്കോർഡിംഗിൽ ഭാഗഭാക്കായ മൂന്ന് അസാമാന്യ പ്രതിഭകളുടെ മുഖങ്ങൾ ഇന്നുമുണ്ട് ഔസേപ്പച്ചന്റെ ഓർമ്മയിൽ: ദിലീപ് എന്ന എ ആർ റഹ്‌മാൻ (കീബോർഡ്), ജോൺ ആന്റണി (ഗിറ്റാർ), ശിവമണി (ഡ്രംസ്). പ്രശസ്തിയുടെ ഉത്തുംഗസോപാനങ്ങളിലേക്കുള്ള യാത്രയുടെ ആരംഭ ബിന്ദുവിലായിരുന്നു മൂന്നു പേരും.
ദേവദൂതന്റെ പുതിയ പതിപ്പിൽ വയലിൻ കൈകാര്യം ചെയ്ത  കാരൾ ജോർജ്ജിനെ ഹൃദയപൂർവം അഭിനന്ദിക്കുന്നു ഔസേപ്പച്ചൻ. “ഒറിജിനൽ ഗാനത്തിൽ ഞാൻ വായിച്ച ഭാഗം അതേ പടി പകർത്തിയതായാണ്  ആദ്യ കേൾവിയിൽ എനിക്ക് തോന്നിയത്. പിന്നീടറിഞ്ഞു അത്  കാരൾ എന്ന യുവ പ്രതിഭയുടെ സംഭാവനയാണെന്ന്. അത്ഭുതകരം എന്നേ പറയാനുള്ളൂ. അസാധ്യമായി ആ ഭാഗം പുനരാവിഷ്കരിച്ചിരിക്കുന്നു അദ്ദേഹം.”
ജാക്സൺ അരൂജയാണ്‌ പുതിയ “ദേവദൂത”ന്റെ ശിൽപ്പി.  കാരൾ ജോർജ്ജിനു പുറമെ  ഗിറ്റാറിൽ ജസ്റ്റിനും തബലയിൽ ആനന്ദുമുണ്ട് കൂട്ടിന്; പാടാൻ ബിജു നാരായണനും. ബിജുവിന് നല്ലൊരു ബ്രേക്ക് ആയി മാറും ഈ ഗാനമെന്നുറപ്പ്.
പല പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് പിറന്നു വീണ ഗാനം ഇന്നും മലയാളി മനസ്സുകളിൽ പുനർജനിച്ചു കൊണ്ടിരിക്കുന്നു  എന്നറിയുമ്പോൾ യഥാർത്ഥ ഗാനശിൽപ്പിക്ക്  ആഹ്ലാദം, അഭിമാനം. ഈ പുനർജന്മം ആസ്വദിക്കാൻ ഒ എൻ വിയും ഭരതനും ജോൺ ആന്റണിയും ജോൺപോളും ഒന്നും കൂടെയില്ലല്ലോ എന്നൊരു ദുഃഖം മാത്രം.

Back to top button
error: