Cover StoryKeralaNews

സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം ; സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തോടെ ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ സിപിഎം നേതൃത്വം ആസൂത്രണം നടത്തുന്നുണ്ടെന്നതിന്‍റെ തെളിവാണ് പുറത്തു വന്ന കൊലവിളി വീഡിയോ. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി വലിയ ആസൂത്രണത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. കൊലപാതകം നടത്താന്‍ പരിശീലനവും സിപിഎം നല്‍കുന്നുണ്ട്. ഇത്തരമൊരു സംഘടനയെ ഭീകര സംഘടനയായേ കരുതാനാകൂ. സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ബഹുജന മുന്നേറ്റം നടത്താന്‍ ബിജെപി ജനരക്ഷാ യാത്ര നടത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ചവരാണ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഒരു നിരപരാധിയുടെ ജീവന്‍ നഷ്ടമായപ്പോഴെങ്കിലും ചെന്നിത്തല അഭിപ്രായം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചുവപ്പന്‍ ഭീകരത കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്.

എതിര്‍ക്കുന്നവരെയൊക്കെ കൊന്നു തള്ളുന്ന പാരമ്ബര്യമാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മുമായി സന്ധിചെയ്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് താരതമ്യേന അവര്‍ക്കെതിരെ അക്രമം കുറവായത്.

എന്നാല്‍ അവരെ ചോദ്യം ചെയ്തതിനാണ് ശുഹൈബിനെ ഇപ്പോള്‍ കൊലപ്പെടുത്തിയത്. സിപിഎമ്മിന്‍റെ ഫാസിസ്റ്റ് പ്രവണതയെ ചെറുക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കാന്‍ തയ്യാറാകണം. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞതോടെ സിപിഎം വീണ്ടും അക്രമ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഇതിന്‍റെ തെളിവാണ്.

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയും നാദാപുരത്തും കോട്ടയത്തും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേയും സിപിഎം നരനായാട്ട് നടത്തുകയാണ്.

നിരവധി വീടുകളാണ് ഇവിടങ്ങളില്‍ തകര്‍ക്കപ്പെട്ടത്. ഏകപക്ഷീയമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പൊലീസിന്‍റെ പിടിപ്പുകേടും രാഷ്ട്രീയ ആഭിമുഖ്യവുമാണ് അക്രമം കൂടാന്‍ കാരണം. അക്രമത്തില്‍ പങ്കില്ലെന്ന പി ജയരാജന്‍റെ പ്രസ്താവന മുഖവിലയ്ക്കെടുക്കേണ്ടതില്ല.

എല്ലാ അക്രമങ്ങളും നടന്നു കഴിയുമ്ബോള്‍ സിപിഎം നടത്തുന്ന പതിവ് അധര വ്യായാമമാണിത്. എന്നാല്‍ പ്രതിപ്പട്ടിക വരുമ്ബോള്‍ സിപിഎമ്മുകാര്‍ പ്രതികളാവുകയും ചെയ്യും. സിപിഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ കേരളത്തില്‍ സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close