LIFEMovie

ചാക്കോച്ചന്റെ തനി നാടന്‍ അഡാര്‍ ഐറ്റം ഡാന്‍സുമായി ദേവദൂതര്‍ വീണ്ടുമെത്തി; രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി യൂ ട്യൂബില്‍ സൂപ്പര്‍ഹിറ്റ്

കുഞ്ചാക്കോ ബോബനും ദേവദൂതരും ചേര്‍ന്ന് കാഴ്ചക്കാരെ അടക്കിഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’.

മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ ആയിരുന്നു ഗാനം പുറത്തിറങ്ങിയത്. രണ്ടാം വരവിലും ദേവദൂതര്‍ സൂപ്പര്‍ഹിറ്റാണെന്നാണ് യൂട്യൂബില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചാക്കോച്ചന്‍െ്‌റ കിടിലന്‍ ഡാന്‍സിനൊപ്പമെത്തിയ പാട്ടിപ്പോള്‍ ഇപ്പോള്‍ രണ്ട് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്‌കോ ഡാന്‍സ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. എല്ലാ ഉത്സവ പറമ്പുകളിലും നമുക്ക് കാണാന്‍ കഴിയുന്നൊരു കഥാപാത്രത്തെ അതിമനോഹരമായി ചാക്കോച്ചന്‍ അവതരിപ്പിച്ചെന്നാണ് കാഴ്ചക്കാര്‍ ഒന്നടങ്കം പറയുന്നത്.

‘നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാള്‍ ഗാനമേളകളിലും കാണുന്ന തനി നാടന്‍ അഡാര്‍ ഐറ്റം ഡാന്‍സ്, ചക്കോച്ചന്റെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെര്‍ഫോമന്‍സ്…. സത്യത്തില്‍ ഇതില്‍ ചാക്കോച്ചന്‍ ഇല്ല…. കഥാപാത്രം മാത്രം…. കിടുക്കി, എക്കാലവും കേട്ടു കഴിഞ്ഞാല്‍ ആരായാലും താളം പിടിച്ചു പോകുന്ന പാട്ട്.. അതിന്റെ താളത്തില്‍ ഒരു പോരായ്മയും ഇല്ലാതെ തന്നെ പുതിയ വേര്‍ഷന്‍… കലക്കി.. ചാക്കോച്ചന്‍ പിന്നെ പൊളിയാ.. ഒരു രക്ഷയുമില്ല… തകര്‍ത്തു’, എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

37 വര്‍ഷങ്ങള്‍ മുമ്പ് താന്‍ ഈണമിട്ട ഗാനം വീണ്ടും എത്തിയ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചത് ഗംഭീരമായി’, എന്നാണ് ഔസേപ്പച്ചന്‍ ഗാനം പങ്കുവച്ച് കൊണ്ട് കുറിച്ചത്.

ബിജു നാരായണനാണ് രണ്ടാം വരവില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ജാക്‌സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

 

Back to top button
error: