NEWSWorld

അധികാരത്തിലെത്തിയാൽ ആദ്യനടപടി ചൈനക്കെതിരെ: ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈന- അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം. സംസ്‌കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ മുപ്പതോളം കണ്‍ഫ്യൂഷസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും സുനക് പറഞ്ഞു.

ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കുമെന്നും സുനക് ഉറപ്പു നല്‍കി. സൈബറിടങ്ങളിലെ ചൈനീസ് അധിനിവേശം തടയുന്നതിനായി ‘നാറ്റോ ശൈലി’യിലുള്ള അന്താരാഷ്ട്രസഹവര്‍ത്തിത്വം വികസിപ്പിക്കുമെന്നും സുനക് അറിയിച്ചു. രാജ്യത്തെ സുപ്രധാന സാങ്കേതികസ്ഥാപനങ്ങളിലുള്‍പ്പെടെ ചൈനയുടെ കൈവശപ്പെടുത്തലുകളെ കുറിച്ച് പരിശോധിച്ച ശേഷം വിലക്കുള്‍പ്പെടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ സാങ്കേതികവിദ്യ കവര്‍ന്നെടുക്കുകയും സര്‍വകലാശാലകളിലേക്ക് നുഴഞ്ഞുകയറുകയും വികസ്വരരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കുകയുമാണ് ചൈന ചെയ്തുപോരുന്നതെന്നും സുനക് ആരോപിച്ചു.

സ്വന്തം പൗരരുടെ വരെ മനുഷ്യാവകാശലംഘനമാണ് ചൈന നടത്തുന്നതെന്നും സുനക് പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റുന്ന നിലപാടാണ് ചൈന തുടരുന്നതെന്നും സുനക് വിമര്‍ശിച്ചു. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ആദ്യദിനത്തില്‍ തന്നെ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സുനക് ഉറപ്പുനല്‍കി.

Back to top button
error: