Cover StoryNationalNews

നിലപാട് മയപ്പെടുത്തി തെലുങ്കുദേശം പാര്‍ട്ടി; എന്‍ഡിഎ വിടേണ്ടെന്ന് തീരുമാനമെടുത്ത് പാര്‍ലമെന്റ് പാര്‍ട്ടി യോഗം

അമരാവതി: കേന്ദ്ര ബജറ്റില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരുന്ന തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നിലപാട് മയപ്പെടുത്തി. അമരാവതിയില്‍ ചേര്‍ന്ന ടിഡിപിയുടെ അടിയന്തര പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ എന്‍ഡിഎ വിടേണ്ടെന്ന് തീരുമാനിച്ചു. കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചത് പാര്‍ലമെന്റില്‍ ഉന്നയിക്കാനും യോഗത്തില്‍ തീരുമാനമായി. ബജറ്റില്‍ ആന്ധ്രയ്ക്ക് പദ്ധതികള്‍ അനുവദിക്കാത്തത് മാത്രമാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് കേന്ദ്രമന്ത്രി വൈ.എസ്. ചൗധരി പറഞ്ഞു. എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ആന്ധ്രപ്രദേശ് പുനഃസംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വാഗ്ദാനങ്ങളും ബജറ്റില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടിഡിപി എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ടിഡിപി.

കേന്ദ്ര ബജറ്റില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നതോടെ എന്‍ഡിഎ സഖ്യം വിടാനുള്ള തയ്യാറെടുപ്പുകള്‍ തെലുങ്ക് ദേശം പാര്‍ട്ടി തുടങ്ങിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. സഖ്യം ഉപേക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ടിഡിപി അടിയന്തിര യോഗം വിളക്കുകയും ചെയ്തിരുന്നു. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതി, അഭിമാന പദ്ധതിയായ പോളാവരം, പ്രത്യേക റെയില്‍വേ സോണ്‍ തുടങ്ങിയവയ്ക്ക് ബജറ്റില്‍ ഇടം ലഭിക്കാത്തതായിരുന്നു ടിഡിപിയെ ചൊടിപ്പിച്ചത്.

കുറച്ചുനാളായി ഇവയെച്ചൊല്ലി ടിഡിപി കേന്ദ്രത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. അതിനിടെ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടുമായി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് രംഗത്ത് വന്നത് ടിഡിപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍ മറ്റൊരു തമിഴ്നാടിനെ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ടിഡിപി ആരോപിക്കുന്നത്. അതേസമയം സഖ്യം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ഗുണകരമാകില്ലെന്നാണ് ടിഡിപി വിലയിരുത്തുന്നത്. പ്രത്യേകിച്ച്‌ ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രധാന രാഷ്ട്രീയ ശക്തിയല്ലാത്തതിനാല്‍. എന്നാല്‍ 1996ല്‍ ചെയ്തതുപോലെ പ്രാദേശിക കക്ഷികളെ കൂട്ടിച്ചേര്‍ത്ത് സഖ്യമുണ്ടാക്കാനുള്ള ശ്രമം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അണിയറയില്‍ ഒരുങ്ങുന്നുവെന്നും വിവരമുണ്ട്.

വരുന്ന ലോക്സഭ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കാനാണ് നായിഡുവിന്റെ ശ്രമം. ഇത് എത്രകണ്ട് വിജയിക്കും എന്നതിനേക്കുറിച്ച്‌ ടിഡിപിക്കും സംശയമുണ്ട്. എന്നാല്‍ ടിഡിപി സഖ്യം ഉപേക്ഷിച്ചാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഖ്യകക്ഷിയെയാകും ബിജെപിക്ക് നഷ്ടപ്പെടുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close