KeralaNEWS

കോട്ടയത്ത് അടച്ചുപൂട്ടിയ ആറ് ബിവറേജസ് ഷോപ്പുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി പുനര്‍ജനിക്കുന്നു

കോട്ടയം: ജില്ലയില്‍ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലകളാണ് ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി പുനര്‍ജനിക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ എല്ലാ നഗരസഭ പരിധികളിലും ബിവറേജസ് ഷോപ്പ് ആരംഭിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭ പരിധിയില്‍ സാധ്യതാ പഠനം നടത്തിയ ശേഷം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള പഴയ 175 ഷോപ്പുകള്‍ക്കും, പുതുതായി 68 ഷോപ്പുകള്‍ക്കും അനുവാദം നല്‍കിയത്. നേരത്തെ കോട്ടയത്ത് അടച്ചു പൂട്ടിയ വാകത്താനം, കുമരകം, കിടങ്ങൂര്‍ , കൊല്ലപ്പള്ളി, വാഴൂര്‍ പതിനാലാംമൈല്‍ എന്നീ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലകളാണ് വീണ്ടും തുറക്കുന്നത്. ഈ ഷോപ്പുകള്‍ എല്ലാം തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളായി തുറക്കുന്നതിനുള്ള സാധ്യതയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തേടുന്നത്. ഇത് കൂടാതെ ഈ ഷോപ്പുകള്‍ക്ക് അനുയോജ്യമായ സ്ഥലവും, പാര്‍ക്കിംങ് ക്രമീകരണവും അടക്കം പരിശോധിച്ച ശേഷം സൂപ്പര്‍ മാര്‍ക്കറ്റുകളാക്കുന്നതിനാണ് ആലോചിക്കുന്നത്.

ഇത് കൂടാതെ ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭകളിലും പുതിയ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലകള്‍ ആരംഭിക്കുന്നതിനും ആലോചന നടക്കുന്നുണ്ട്. നിലവില്‍ ഈ നഗരസഭകളിലെല്ലാം ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ നിലവിലുണ്ട്. എന്നാല്‍, ഇവിടെ പുതിയ ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം കോര്‍പ്പറേഷന്‍ നടപടിയെടുക്കും.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലും തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ഷോപ്പുകള്‍ അനുവദിക്കുന്നതെന്നു ബിവറേജസ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ പറഞ്ഞു. നിര്‍ത്തിയ സ്ഥലങ്ങളിലെല്ലാം പഴയ ഷോപ്പുകള്‍ പുനരാരംഭിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലെല്ലാം നല്ല വരുമാനം ലഭിച്ചിരുന്നതാണ്. ഈ സ്ഥലങ്ങളില്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതോടെ വരുമാനം സമാന രീതിയില്‍ തന്നെ ലഭിക്കും. തിരക്ക് കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: