Cover StoryFrom the EditorNationalNews

ഡൽഹി ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബിജെപിയേക്കാൾ ഭയക്കേണ്ടത് കോൺഗ്രസിനെ-അവലോകനം

വിശ്വജിത്

ഇരട്ട പദവി വിവാദത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിലെ എം എൽ എമാർ അയോഗ്യരായ സംഭവം ഇന്ന് കോടതിയുടെ പരിഗണനയിൽ ആണ്. എന്നാൽ സാധാരണ ഇത്തരം സംഭവികാസങ്ങളിൽ ജനവിധി തേടുന്ന അരവിന്ദ് കെജ്രിവാൾ ഇപ്പോൾ കോടതിയെ ആശ്രയിക്കുന്നതെന്താണെന്നു രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.

ന്യൂഡൽഹിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്നവർക്കു ഒരു കാര്യം വ്യക്തമാകും. ഡൽഹിയിൽ ബിജെപിയുടെ നില ഒരു പരിധി വരെ സ്ഥായിയാണ്. ഒരർത്ഥത്തിൽ മുരടിച്ച വളർച്ച എന്നും പറയാം. മൂന്നിലൊന്നു വോട്ടുകളുടെ അവകാശികളാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി.

കോൺഗ്രസ്‌ ആയിരുന്നു ബിജെപിയുടെ പ്രധാന എതിരാളി. ബാബ്‌റി മസ്ജിദ് തകർച്ചക്ക് ശേഷം 1993ൽ നടന്ന തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ചേരി മാറി ജനതാദളിന് വോട്ടു ചെയ്തു. അങ്ങിനെ ജനതാദൾ മൂന്നാം ശക്തിയായി.

എന്നാൽ പിന്നീട് ഷീല ദീക്ഷിതിലൂടെ കോൺഗ്രസ്‌ ഉയർത്തെഴുന്നേൽക്കുന്നതാണ് കണ്ടത്. 1998, 2003, 2008 വർഷങ്ങളിൽ കോൺഗ്രസ്‌ അധികാരത്തിലെത്തി.

2013ൽ മുഖ്യമന്ത്രി സ്ഥാനാർഥി ഹർഷവർധന്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിയുടെയും നേതൃത്വത്തിൽ ബിജെപി ആഞ്ഞു പിടിച്ചിട്ടും ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിനും എ എ പിക്കും ഭിന്നിച്ചു പോയിട്ടും ബിജെപിക്ക് ആശിച്ചത് നേടാനായില്ല.

2015ൽ ഷീല ദീക്ഷിത് അപ്രത്യക്ഷയായി, ലോക്സഭയിലെ ദയനീയ പരാജയം കോൺഗ്രസിന് ഊർജമില്ലാതാക്കി. ബിജെപി വിരുദ്ധ വോട്ടുകൾ മുഴുവനായി സമാഹരിച്ച് എ എ പി 70ൽ 67 സീറ്റും നേടി.

യമുനയിൽ വെള്ളം കുറെ ഒഴുകിപ്പോയി. ആഭ്യന്തര കലഹങ്ങളും കേന്ദ്ര സർക്കാരുമായുള്ള ഏറ്റുമുട്ടലും നിമിത്തം ആം ആദ്മി പാർട്ടി കിതച്ചു തുടങ്ങി. പഞ്ചാബിലെ നിരാശാജനകമായ അസംബ്ലി, തദ്ദേശഭരണ തെരെഞ്ഞെടുപ്പുകൾക്കു പിന്നാലെ ആം ആദ്മി പാർട്ടി ഡൽഹിയിലേക്ക് മാത്രമായി ചുരുങ്ങി.ഗുജറാത്തിലെ പരാജയം കൂടി ആയപ്പോൾ ബിജെപിക്ക് ബദൽ ശക്തി എന്ന് ആരും എ എ പിയെ വിളിക്കാതായി.

ഡൽഹിയിൽ തദ്ദേശ ഭരണ തെരഞ്ഞുടുപ്പിൽ ബിജെപിക്ക് കാതങ്ങളോളം അകലെ ആയി ആം ആദ്മി പാർട്ടി. കോൺഗ്രസ്‌ ആകട്ടെ ചാരത്തിൽ നിന്ന് പറന്നുയർന്നു ആം ആദ്മിയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തു.2017ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ട്രെൻഡ് അനുസരിച്ച് ഇപ്പോൾ എം എൽ എമാർ അയോഗ്യരായ 20 സീറ്റുകളിൽ ചാന്ദ്നി ചൗക്, സദർ, മെഹ്റുലി എന്നീ മണ്ഡലങ്ങളിൽ ഒന്നാമതും ജംഗ്‌പുര, കാൽക്കാജി, കസ്തുർബ നഗർ, ലക്ഷ്മി നഗർ, ഗാന്ധി നഗർ, കൊണ്ട്‌ലി എന്നീ മണ്ഡലങ്ങളിൽ തൊട്ടടുത്ത രണ്ടാം സ്ഥാനക്കാരുമാണ് കോൺഗ്രസ്‌. ന്യൂനപക്ഷ -ദളിത്‌ വോട്ടുകൾ നിർണായകമായ മണ്ഡലങ്ങൾ ആണിവ. അത് കൊണ്ട് തന്നെയാണ് ഇനി ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ആം ആദ്മി പാർട്ടി ബിജെപിയെ അല്ല കോൺഗ്രെസ്സിനെയാണ് ഭയക്കേണ്ടതെന്നു വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close