KeralaNEWS

കര്‍ക്കടക മാസപൂജകള്‍…ശബരിമല മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു, ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ.. 21 ന് നട അടയ്ക്കും

കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം തുറന്നു .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു.പിന്നീട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു..ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു..തുടര്‍ന്ന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടികയറി ശരണം വിളികളുമായി സ്വാമി ദർശനം നടത്തി.

ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല .

21 വരെയാണ് ശബരിമല നട തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ്പൂജകളും നടക്കും.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,
പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.

Back to top button
error: