CrimeNEWS

വെടിയേറ്റിട്ടും ചികിത്സ നല്‍കാത്തതില്‍ ദുരൂഹത; ആദിവാസി യുവാവിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം

ഇടുക്കി: പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. വെടിയേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്നാണ് ആരോപണം. കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ബൈസൺവാലി ഇരുപതേക്കര്‍ കുടിയിൽ ഭാഗ്യരാജിൻറെ മകൻ മഹേന്ദ്രനെയാണ് നായാട്ടിനിടെ വെടിവച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയത്.

കേസിൽ ബൈസൺവാലി ഇരുപതേക്കർ സ്വദേശികളായ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 27 –നാണ് മഹേന്ദ്രനെ കാണാതായത്. വൈകുന്നേരം വീട്ടിൽ നിന്നും പോകുമ്പോൾ രണ്ടു ദിവസത്തിനകം തിരച്ചെത്തുമെന്നാണ് പറഞ്ഞിരുന്നത്. ഏലക്ക കച്ചവടത്തിൽ നഷ്ടം വന്നതിനെ തുടർന്ന് സാംജി കടക്കെണിയിൽ ആയിരുന്നു. ഇത് വീട്ടാൻ തൻറെ കുടുംബത്തിൻറെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകാമെന്ന് മഹേന്ദ്രൻ പറഞ്ഞിരുന്നു.

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിൻറെ തീരുമാനം. കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ച സാഹചര്യത്തിൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാണോയെന്ന് പോലീസും സംശയിക്കുന്നുണ്ട്.

കുറ്റകരമായ നരഹത്യ, ആയുധം കയ്യിൽ വയ്ക്കൽ, പട്ടികജാതി പട്ടിക വർഗ്ഗങ്ങൾക്കെതിരെയുള്ള ആതിക്രമം തടയൽ തുടങ്ങിയ വകുപ്പകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസന്വേഷണം മൂന്നാർ ഡിപൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് മൂന്നാർ ഡിവൈഎസ് പി പറഞ്ഞു.

Back to top button
error: