BusinessTRENDING

‘കരടി’യെ മെരുക്കി കാളക്കൂറ്റന്മാര്‍; സൂചികകള്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: വിപണിയില്‍ ‘കാളക്കൂറ്റന്മാര്‍’ പിടിമുറുക്കുന്നതിന്റെ സൂചനയെന്നോണം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതിനെ അവഗണിച്ചാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി.

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 16,133-ലും സെന്‍സെക്സ് 428 പോയിന്റ് മുന്നേറി 54,178-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,131 ഓഹരികളില്‍ 1,461 എണ്ണവും ഉയര്‍ച്ച രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 600 ഓഹരികള്‍ നഷ്ടത്തിലും 70 ഓഹരികള്‍ക്ക് മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി.

ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.44-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.44 നിരക്കിലായിരുന്നു. നിഫ്റ്റി-50 സൂചികയില്‍ 38 ഓഹരികള്‍ മുന്നേറിയും 12 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി റേഷ്യോ 1-ന് മുകളില്‍ തുടരുന്നത് ‘കരടി’കള്‍ക്കെതിരായ പോരാട്ടത്തില്‍ ‘കാള’കള്‍ ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണമാണ്. മിഡ് കാപ്, സ്മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.

ഇന്ന് വിപണിയിലെ മുന്നേറ്റത്തിനുള്ള പ്രധാന 6 ഘടകങ്ങള്‍ ഇവയാണ്

1) ക്രൂഡ് ഓയില്‍ വിലയിടിവ്- രാജ്യാന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിലെ ‘ബുള്ളുകള്‍’ക്ക് ഊര്‍ജം പകര്‍ന്നു. ബാരലിന് 100.77 ഡോളര്‍ നിലവാരത്തിലാണ് ബ്രെന്‍ഡ് ക്രൂഡിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 20 ശതമാനത്തോളം ക്രൂഡ് ഓയിലിന്റെ വിലയില്‍ തിരുത്തല്‍ നേരിട്ടു. ഡബ്ല്യൂടിഐ ക്രൂഡ് ഓയില്‍ ഇതിനോടകം 100 ഡോളര്‍ നിലവാരത്തിനും താഴെയാണ് നില്‍ക്കുന്നത്. ആവശ്യകതയില്‍ 80-85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യക്ക് എണ്ണവില ഇടിയുന്നത് ആശ്വാസമേകുന്ന ഘടകമാണ്. പ്രത്യേകിച്ചും പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ആശ്വാസപരിധിക്കും വളരെ ഉയരത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍.

2) ഫെഡ് മിനിറ്റ്സ്- ജൂണില്‍ ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റേ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വരുന്ന യോഗത്തിലും പലിശ നിരക്കുകളില്‍ 50-75 അടിസ്ഥാന പോയിന്റുകള്‍ ആവശ്യാനുസരണം ഉയര്‍ത്തുമെന്നായിരുന്നു സൂചിപ്പിച്ചത്. ഈ നിഗമനം ഇതിനോടകം വിപണി ഉള്‍ക്കൊണ്ടതിനാല്‍ അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

3) ഏഷ്യന്‍, യൂറോപ്യന്‍ മേഖലയിലെ ഉള്‍പ്പെടെ ആഗോള വിപണികള്‍ പോസിറ്റീവ് നേട്ടത്തില്‍ തുടര്‍ന്നത്.

4) വിശാല വിപണിയിലെ റാലിയില്‍ എല്ലാ വിഭാഗം ഓഹരികളും പങ്കെടുക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗ് ഓഹരികളിലെ കുതിപ്പ് പ്രധാന സൂചികയേയും ഉയര്‍ത്തുന്നു.

5) വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍. ഒരു വര്‍ഷത്തില്‍ താഴെയുള്ള ബോണ്ടുകളില്‍ അധിക നിക്ഷേപം നടത്താന്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ അനുവദിച്ചതും എഫ്സിഎന്‍ആര്‍ (ബി) അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പോലെയുള്ളവ.

6) വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യ വിക്സ് നിരക്കുകളിലെ തുടര്‍ച്ചയായ ഇടിവും വിപണി സ്ഥിരത നേടുന്നതും ബുള്ളുകളുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഇന്ന് വിക്സ് നിരക്കുകള്‍ 5 ശതമാനത്തിലധികം ഇടിഞ്ഞ് നിര്‍ണായക 20 നിലവാരത്തിനും താഴേക്കെത്തി.

Back to top button
error: