KeralaNEWS

ഗർഭം നിലനിര്‍ത്താനുള്ള മരുന്ന് ചോദിച്ചു, അലസിപ്പിക്കാനുള്ള മരുന്ന് നല്‍കി; മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

എടവണ്ണ: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിനിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്, സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈീ എംആര്‍ 200എം.ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍ പരാതിക്കാരിക്ക് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറിയാണ് നല്‍കിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭചിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ല മരുന്ന് വില്‍പ്പനയെന്നും വ്യക്തമായതായും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി നിഷിത് പറഞ്ഞു.

Back to top button
error: