KeralaNews

ഓഖി ചുഴലിക്കാറ്റ്: ഇനിയും കണ്ടെത്താന്‍ 85 പേര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പുറംകടലില്‍ പെട്ടുപോയവരില്‍ ഇനിയും തിരിച്ചെത്താനുള്ള 85 മത്സ്യത്തൊഴിലാളികള്‍ക്കായി കാത്തിരിക്കുകയാണ് തീരദേശം. അവര്‍ക്കായി പ്രാര്‍ത്ഥനകള്‍ നിറയുകയാണ് തീരത്ത്. ഇന്നുരാവിലെ മുതല്‍ നേവിയും കോസ്റ്റ് ഗാര്‍ഡുമൊക്കെ തെരച്ചില്‍ തുടരുന്നുണ്ട്. ഹെലികോപ്ടറുകളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളും സ്വന്തം നിലയില്‍ തെരച്ചിലിനായി കടലിലേക്ക് പോയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് 20 വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ തെരച്ചിലിനായി പോയത്. കണ്ണീരിനും വേദനയ്ക്കുമിടയില്‍ ഇന്നും തീരദേശങ്ങളില്‍ പലയിടത്തും പ്രതിഷേധങ്ങളും അരങ്ങേറി. ഉച്ചക്കടയില്‍ മത്സ്യത്തൊളിലാളികള്‍ റോഡ് ഉപരോധിച്ചു. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.

 

 

തിരുവനന്തപുരത്ത് പന്ത്രണ്ട് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 103 ബോട്ടുകളിലും വള്ളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് കണക്ക്. കാറ്റില്‍പെട്ട് വിവിധ തീരങ്ങളില്‍ എത്തിയവരില്‍ 400 പേരെ ശനിയാഴ്ചയും , 183 പേരെ ഇന്നലെയും രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കാതിരുന്നതാണ് മരണസംഖ്യ കൂടാനിടയാക്കിതെന്ന് ആക്ഷേപമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെക്കൂടി തെരച്ചില്‍ സംഘങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നടത്തിയ തെരച്ചിലില്‍ ഹെലികോപ്ടറുകളില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി.

 

 

 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചറിയാനാകാത്ത നിലയില്‍ ഞായറാഴ്ച കൊണ്ടു വന്ന രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് ഈ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതുവരെ എത്തിച്ചതില്‍ 12 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 5 മൃതദഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച 2 പേരേയും ശനിയാഴ്ച 5 പേരേയും ഞായറാഴ്ച 9 പേരേയുമാണ് മരിച്ച നിലയില്‍ കൊണ്ടു വന്നത്. 2 പേരെ പൂന്തുറയില്‍ നിന്നും 5 പേരെ വിഴിഞ്ഞത്തു നിന്നും 2പേരെ വലിയതുറയില്‍ നിന്നുമാണ് ഞായറാഴ്ച കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. ഇതില്‍ ആദ്യദിവസം കൊണ്ടുവന്ന തിരിച്ചറിഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

49 പേര്‍ ചികിത്സയില്‍
കടല്‍ ക്ഷോഭത്തില്‍പ്പെട്ട 49 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഞായറാഴ്ച 5 പേരാണ് ചികിത്സ തേടിയെത്തിയത്. സഖറിയാസ് (55) അടിമലത്തുറ, ക്രിസ്തുദാസ് (48) അടിമലത്തുറ, അന്തോണി അടിമ (30) കൊല്ലംകോട്, സെല്‍വ കുരിശ് (35) അടിമലത്തുറ, മിഖായേല്‍ (58) അടിമലത്തുറ എന്നിവരാണ് ഞായറാഴ്ച ചികിത്സ തേടിയെത്തിയത്. അതേസമയം ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ പൂന്തുറ സ്വദേശി മൈക്കിള്‍ (42) ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ, കാര്‍ലോസ് (65) അഞ്ചുതെങ്ങ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 22, 9, 11, 2 എന്നീ വാര്‍ഡുകളിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close