NEWS

ഷൈജു എന്ന പോലീസുകാരനും കണ്ണൂരിന്റെ മാമ്പഴപ്പെരുമയും !!

നാട്ടുമാവുകളുടെ, നാട്ടുമാങ്ങകളുടെ ഗ്രാമം, നമ്മുടെ കേരളത്തിൽ! ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവുകളുടെ പൈതൃകഗ്രാമം എന്നറിയപ്പെടുന്നത് #കണ്ണൂർ ജില്ലയിലെ #കണ്ണപുരം എന്ന #ഗ്രാമം ആണ്. അവിടെത്തന്നെയുള്ള #ചുണ്ട #കുറുവാക്കാവ് പൈതൃക പ്രദേശവും. സംരക്ഷകരോ – നാട്ടുകൂട്ടായ്മയായ #നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പും.
200 ൽ പരം  ഇനങ്ങളിലുള്ള നാട്ടുമാവുകൾ ആണ് അവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തിൽ പ്രകൃത്യാൽ വളർന്നു വന്ന ചെറിയ മാവുകൾ മുതൽ മുതു മുത്തശ്ശി മാവുകൾ വരെ ഉണ്ട്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള, പേരുപോലും തിരിച്ചറിയാൻ പറ്റാത്ത പലതരം ഇനത്തിൽ പെട്ട മാവുകളും തേടിപ്പിടിച്ചു തൈകൾ ഗ്രാഫ്റ്റ് ചെയ്തു പുതിയ തലമുറയ്ക്ക് വേണ്ടി ഒരുക്കപ്പെട്ടിട്ടുണ്ട്. അതിനെല്ലാം പേരും കൊടുത്തിട്ടുണ്ട്.
കേരളത്തിൽ 1000 ത്തോളം നാട്ടുമാവ് ഇനങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 500 ഇനമെങ്കിലും സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു നാട്ടുകൂട്ടായ്മ ആണ് കണ്ണപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്.
ഷൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിരന്തര ശ്രമഫലമായാണ് കണ്ണപുരം ഇപ്പോൾ മാവുകളുടെ പേരിൽ പ്രശസ്തിയോടെ നിൽക്കുന്നത്. ആരോഗ്യമന്ത്രി ആയിരുന്ന #ഷൈലജ ടീച്ചറിന്റെ ഗൺമാൻ ആയിരുന്നു ഷൈജു. ചുണ്ട കുറുവാക്കാവിൽ സുഹൃത് വലയം ഉള്ള ആൾ. അവിടെ ഉണ്ടായിരുന്ന #വെല്ലത്താൻ എന്ന നാട്ടുമാവ് മുറിക്കപ്പെട്ടതിന്റെ വിഷമം മറക്കുക, നാട്ടുമാങ്ങകളുടെ രുചി കേരളം മറക്കാതിരിക്കുക, പരമാവധി നാട്ടുമാവുകളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ അദ്ദേഹവും കൂട്ടുകാരും പ്രദേശ വാസികളും ഇറങ്ങി തിരിച്ചതിന്റെ ഫലമാണ് ഇന്നത്തെ കണ്ണപുരത്തിന്റെ പേരും പെരുമയും. ഇന്നത് നാട്ടുമാഞ്ചോട്ടിൽ എന്ന വലിയൊരു ഗ്രൂപ് ആയി മാറിയിരിക്കുന്നു.
നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ ലക്‌ഷ്യം നാട്ടുമാവുകളെ തേടിപ്പിടിച്ചു സംരക്ഷിക്കുന്നത് മാത്രമല്ല, പരമാവധി സ്ഥലങ്ങളിൽ അവയെ വ്യാപിപ്പിക്കുക,  അവയുടെ ഫലങ്ങളുടെ രാസ വിശകലനം നടത്തി ഡാറ്റാബാങ്ക് ഉണ്ടാക്കുക, പോഷക മൂല്യം കണ്ടെത്തി അതിനനുസരിച്ചു വിപണിമൂല്യം വർദ്ധിപ്പിക്കുക എന്നിങ്ങനെയാണ്‌. നിറം, രുചി, വലിപ്പം, രൂപം, മണം എന്നിവയാൽ തരം തിരിച്ചാണ് ഓരോ ഇനവും തുടക്കത്തിൽ  രേഖപ്പെടുത്തുന്നത്. പേരറിയാത്തവക്ക് പുതിയപേരും നൽകും, അത് വീട്ടുപേര് ആകാം, ആളിന്റെ പേരാകാം, സ്ഥലപ്പേരാകാം.
ചില ഇനങ്ങൾ താഴെപ്പറയുന്നു. ബപ്പക്കായി, കണ്ണപുരം മാങ്ങ, ചന്ദ്രക്കാരൻ, മഞ്ഞളാൻ,പുതുക്കൊടി,കുഞ്ഞൻ കടുക്കാച്ചി, ഉരുണി മധുരം കടുക്കാച്ചി, പുളിയൂറൻ, വാണി പസന്ത്, കുലനിറയൻ, ഉണ്ട കൽക്കണ്ടം, കുലപ്പുള്ളിയൻ, ചേണിച്ചേരി റെഡ് ആപ്പിൾ ,ചെമ്പൻ മധുരം,കുഞ്ഞിമാളു, കിങ്ങിണി മധുരം, കവിണിശ്ശേരി ചക്കര, നാരൻ, കവിണിശ്ശേരി പഞ്ചാര, കവിണിശ്ശേരി നീളൻപഞ്ചാര,  മുണ്ടപ്പൻ, ഹൈദരാബാദി, തൊണ്ടൻ മധുരം തൊലിക്കട്ടിയൻ, മരുന്ന് മാങ്ങ, സിന്ദൂര പുളിയൻ, ചെല്ലേട്ടോൻ ചേരിയൻ, ഉണ്ട ചെമ്പൻ, കൈത മധുരം, വലിയപുളി മധുരം, വത്സല, സ്പോഞ്ച് മാങ, വടക്കൻ, വടക്കൻ മധുരക്കടുക്കാച്ചി, കരുണൻ കിടുക്കാച്ചി, വേട്ടക്കാരൻ, സിന്ദൂര രേഖ,പരത്തി മാങ്ങ, നാനാടി മധുരം, കണ്ണൻ മാങ്ങ, മഞ്ഞ ആനപ്പുളിയൻ, വെല്ലത്താൻ , തയ്യിൽ റെഡ്, മധുര രാജൻ, വെള്ളരി കിളിച്ചുണ്ടൻ, ഷിജിന പസന്ത്, മഞ്ഞ നീളം പുളിയൻ, പവിഴ രേഖ, തിരുമധുര ചേരിയൻ, അമ്മിക്കുട്ടി കുളമ്പ്, മഠത്തിൽ പഞ്ചാര, മഞ്ഞ തക്കാളി, തീ പുളിയൻ, പുളിമധുരം ചുനയൻ, വലിയടക്ക, ഉണ്ണി പസന്ത്, മഠത്തിൽ പുളിശ്ശേരി, ഉണ്ട മധുരം, ബിഎച്ച്എസ് വൺ ഹൽവ മാങ്ങ, മഞ്ഞ സുന്ദരി, മധുര കുഞ്ഞൻ, വലിയ കടുക്കാച്ചി, കോമാങ്ങ (ബപ്പായി) പുളിയൻ, ഇരട്ടി മധുരം, ഉണ്ണി പുളിയൻ, ഉണ്ണി ചോപ്പൻ, മഞ്ഞ സുഗന്ധി, ഉണ്ട മാങ്ങ, മധുര പുളിയൻ, ബബ്ലൂസ്, മഞ്ഞ പഞ്ചാര, തേനൂറൻ, സുഗന്ധ കടുക്കാച്ചി, ഉണ്ട പച്ച, കരുണൻ മാങ്ങ, കരിം പച്ച കടുക്കാച്ചി, മിടുബദ്രി ബപ്പ, ആനപ്പള്ളി പ്രഥമൻ, കുഞ്ഞി കുളമ്പ്, പുതുക്കുടി പഞ്ചാര, കാലപ്പാടി, സുലോചന,     മുട്ടിച്ചോപ്പൻ, കോലൻ, വെണ്ണീർ പുളിയൻ, പച്ച മധുരം, പഞ്ചാര മാങ്ങ, ഗ്രീൻ ആപ്പിൾ, നാടൻ സിഎച്ച് പുളിശ്ശേരിയൻ, മഞ്ഞ ബപ്പായി, കണ്ണപുരം റെഡ്, ആനപ്പള്ളി യെല്ലൊ,  രസ പുളിയൻ, നീളൻ ചെയൻ, മൊരം കട്ടി നാര് പുളിയൻ, ജെല്ലി മാങ്ങ, സുന്ദരി ഊറൻ, മഞ്ഞ കൽക്കണ്ടം, അണ്ണാച്ചി മാങ്ങ, തേനുണ്ട, പെൻഗിൻ സേലൻ, പാഷൻ ഫ്രൂട്ട് മാങ്ങ, സുന്ദരി കടുക്കാച്ചി,  ഊറൻ മധുരം, കരിമീൻ കൊക്കൻ, കർപ്പൂര മാങ്ങ, മൂവാണ്ടൻ, കുറ്റ്യാട്ടൂർ, കോട്ടൂര്‍കോണം, പ്രിയൂർ, വെളുത്ത ചിങ്കിരി, മഠത്തിൽ ഇല്ലം പുളിയൻ, കരുണാകരൻ മാങ്ങ.…പേരുകൾ നീളുന്നു. (തെറ്റുണ്ടെങ്കിൽ പറയുക)
കണ്ണപുരത്തു മാത്രമല്ല, സമീപ പ്രദേശങ്ങൾ ആയ ചെറുകുന്ന്, #പാപ്പിനിശ്ശേരി, #മയ്യിൽ, #മാടായി, #പട്ടുവം, #കല്യാശ്ശേരി മുതലായ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തനത്തിലൂടെ ചെറുമാന്തോപ്പുകൾ (ലിറ്റിൽ മാംഗോ ഗ്രോവ്) തയ്യാറാക്കുന്ന വലിയ പദ്ധതിയാണ് നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പിനുള്ളത്. ഇതിനോടകം തന്നെ പല പ്രദേശങ്ങളിലും റോഡ് വശങ്ങളിലും മാന്തോപ്പുകൾ തയ്യാറായി കഴിഞ്ഞു. നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പിൽ നിന്നും ആവേശം ഉൾക്കൊണ്ട സർക്കാർ, #സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി ആവിഷ്കരിക്കുകയും മാന്തോപ്പുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്ലാനിങ്ങും നടപ്പാക്കലും നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പിന്റെ സഹായത്തോടെയാണ്.
ഇതിനോടകം തന്നെ പല ബഹുമതികളും കരസ്ഥമാക്കിയ നാട്ടുമാഞ്ചോട്ടിൽ ഗ്രൂപ്പിന്റെ അമരക്കാരായ, വെട്ടിയിട്ട വെല്ലത്താന്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിത്തുടങ്ങിയ  ഷൈജുവും കൂട്ടരും ഇപ്പോളും നാടാകെ അലഞ്ഞു നടക്കുന്നു, പഴയ ഇനം നാട്ടു മാവുകളുണ്ടോ, ഉണ്ടെങ്കിൽ പറയണേ, ഞങ്ങൾ സംരക്ഷിക്കാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്.

Back to top button
error: