KeralaNEWS

രണ്ട് മാതൃകാധ്യാപകർ, കുട്ടികള്‍ക്കായി മൂന്നരലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ നൽകി ജയലതിക ടീച്ചറും അവസാന ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി നാരായണൻ മാഷും

കണ്ണൂർ : മൂന്നരലക്ഷം രൂപയുടെ ഫർണിച്ചർ തൻ്റെ വിദ്യാലയത്തിന് സമ്മാനിച്ച ശേഷമാണ് എൻ. ജയലതിക എന്ന അധ്യാപിക സ്കൂളിൻ്റെ പടിയിറങ്ങിയത്. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ആറ് ക്ലാസ് മുറികളിലേക്കുമുള്ള ഫർണിച്ചറാണ് വിദ്യാലയത്തിൽനിന്ന്‌ വിരമിച്ച ദിവസം എൻ. ജയലതിക ടീച്ചർ നൽകിയത്.

മാവിലായി യു.പി. സ്കൂൾ, മാടായി ഗവ. ബോയ്‌സ് ഹൈസ്കൂൾ, ചെറുകുന്ന് ഗവ. ബോയ്‌സ് ഹൈസ്കൂൾ, മുണ്ടേരി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 2007ലാണ് ടീച്ചർ ചട്ടുകപ്പാറ ഹൈസ്കൂളിലെത്തുന്നത്. വിദ്യാലയത്തിൽ കംപ്യൂട്ടർ പഠനം തുടങ്ങാനായി കംപ്യൂട്ടറുകൾ, ഭൗതികസാഹചര്യം വികസിപ്പിക്കലിനായി ഒന്നരലക്ഷം രൂപ എന്നിവയും ജയലതിക ടീച്ചർ മുമ്പ് നൽകിയിരുന്നു.

അജാനൂർ : നീണ്ട മുപ്പത്തി ഏഴ് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിട വാങ്ങുമ്പോൾ മുക്കൂട് ഗവ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ തന്റെ അവസാനത്തെ ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി മാതൃകയായി. മുക്കൂട് ഗ്രാമം നാരായണൻ മാസ്റ്റർക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് മാതൃകാപരമായ ഈ പ്രഖ്യാപനം നടത്തിയത്. പത്മശ്രീ ഹരേക്കള ഹജ്ജബ്ബ വിശിഷ്ടതിഥിയായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേവലം അറുപത് കുട്ടികളുമായി മുക്കൂട് സ്‌കൂളിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച മാഷ് നൂറ്റി അമ്പത് കുട്ടികളിലേക്ക് സ്‌കൂളിനെ ഉയർത്തിയ ചാരിതാർഥ്യത്തോടെയാണ് പടിഇറങ്ങുന്നത് . പുതുതായി അസംബ്ലി ഹാൾ , കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് , ജൈവ വൈവിധ്യ ഉദ്യാനം , പുതിയ ബിൽഡിങ് തുടങ്ങിയവ സാധ്യമാക്കി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സജീവ ഇടപെടലാണ് നാരായൺ മാഷ് നടത്തിയത് . അത് കൊണ്ട് തന്നെ തൊട്ടടുത്തുള്ള പ്രൈവറ്റ് സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിൽ സർക്കാരിന്റെയും പൊതു ജനങ്ങളുടെയും കൂട്ടമായ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ഒപ്പം സ്‌കൂളിന്റെ അക്കാദമിക് നിലവാരവും ഉയർന്നതോടെ സ്‌കൂളിൽ തന്റെ മക്കളെ ചേർക്കാൻ രക്ഷിതാക്കൾ മത്സരിക്കുകയാണ്.

Back to top button
error: