BusinessTRENDING

ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുക. ഓരോ ഘട്ടങ്ങളിലെയും പരാജയ സാധ്യതകള്‍ കണക്കാക്കി ഒരു ഉല്‍പ്പന്നമോ പ്രക്രിയയോ മുന്നോട്ട് കൊണ്ടുപോവുന്ന രീതിയാണിത്.

ഘട്ടംഘട്ടമായിയാവും സിബിഡിസി പുറത്തിറക്കുക എന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിബിഡിസിയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയാണ് ആര്‍ബിഐ. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത. പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് കോട്ടംതട്ടാതെയുള്ള സമീപനം ആയിരിക്കും ആര്‍ബിഐ വിഷയത്തില്‍ സ്വീകരിക്കുക. സിബിഡിസിയുടെ ഡിസൈന്‍ എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ചുള്ള ആലോചനകളും നടക്കുകയാണ്.

ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന ഡിസൈന്‍ ആയിരിക്കും സിബിഡിസിക്ക് നല്‍കുക. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രൂപയുടെ ഡിജിറ്റല്‍ പതിപ്പായിരിക്കും ഇന്ത്യ പുറത്തിറക്കുന്ന സിബിഡിസി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ സിബിഡിസി എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. പണമിടപാടുകള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Back to top button
error: