KeralaNEWS

കോടതിയിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ, വിധിയിൽ പൂർണ തൃപ്തനെന്ന് അച്ഛൻ

   കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ജീവനെടുക്കിയ കേസിൽ കോടതിയിൽ നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് വിസ്മയയുടെ അമ്മ സജിത. പ്രതിയായ കിരണിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഇതിനായി നിയമപോരാട്ടം തുടരുമെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ പറഞ്ഞു.

കേസിൽ കിരണിന്റെ ബന്ധുക്കളായ കുറ്റക്കാർ വേറെയുമുണ്ട്. ഇനിയൊരു വിസ്മയ സമൂഹത്തിൽ ഉണ്ടാകരുതെന്ന പ്രാർഥന മാത്രമേയുള്ളു. സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കരുതെന്നും അമ്മ പറഞ്ഞു.

സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർതൃപീഡനംമൂലം ബി. എ.എം.എസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവും 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് ശിക്ഷ വിധിച്ചത്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയിൽ പൂർണ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രൻ. മകൾക്ക് നീതി കിട്ടി. വിധി സമൂഹത്തിനുള്ള സന്ദേശം കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. മേൽക്കോടതിയെ സമീപിക്കുന്നത് പ്രോസിക്യൂട്ടറുമായി ആലോചിച്ച് തീരുമാനിക്കും. കിരണുമായി മാത്രം ബന്ധപ്പെട്ട കേസല്ല ഇത്. തങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Back to top button
error: