വിഡി സതീശന്റെ ‘കളങ്കിതരെ പങ്കെടുപ്പിക്കില്ലെന്ന പരാമര്‍ശം’ ഉമ്മന്‍ചാണ്ടിയെ ഉദേശിച്ചെന്നാരോപണവുമായി എ ഗ്രൂപ്പ്

പടയൊരുക്കത്തിന് മുന്നേ പാളയത്തില്‍ പടയൊരുക്കം. കളങ്കിതരെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ എ ഗ്രൂപ് രംഗത്ത്. ഉമ്മന്‍ ചാണ്ടിയെ മോശപ്പെടുത്താനാണു പ്രസ്താവനയെന്ന് എ ഗ്രൂപ്പ് വിഭാഗം ആരോപിച്ചു. സോളര്‍ കേസിലെ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലെ പ്രസ്താവന ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വച്ചാണെണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. സതീശന്‍ കെപിസിസി പ്രസിഡന്റിനെപ്പോലെ പെരുമാറുന്നുവെന്നും എ വിഭാഗം കുറ്റപ്പെടുത്തി.

 

യാത്രയില്‍ കളങ്കിതരുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയും സാന്നിധ്യമുണ്ടാവാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്കിയിട്ടുള്ളതായി കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ വി.ഡി.സതീശന്‍ ഇന്നു പറഞ്ഞിരുന്നു. ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാക്കാന്‍ ആസൂത്രിതശ്രമമുണ്ടന്ന വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സതീശന്‍ പറഞ്ഞിരുന്നു.നാളെയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥ ആരംഭിക്കുന്നത്.