BusinessTRENDING

എംആര്‍എഫ് ലാഭത്തില്‍ ഇടിവ്; 50 ശതമാനം ഇടിഞ്ഞ് 165 കോടി രൂപയായി

ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടേയും മറ്റും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടയര്‍ കമ്പനിയായ എംആര്‍എഫ്‌ന്റെ കണ്‍സോളിഡേറ്റഡ് ലാഭം 50.26 ശതമാനം ഇടിഞ്ഞ് 165.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നുവെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 5,304.82 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 4,816.46 കോടി രൂപയായിരുന്നു. അവലോകന കാലയളവിലെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4,425.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,142.79 കോടി രൂപയിലേക്ക്  ഉയര്‍ന്നതായി എംആര്‍എഫ് ലിമിറ്റഡ് അറിയിച്ചു. ഉപഭോഗ വസ്തുക്കളുടെ വില 2,915.19 കോടി രൂപയില്‍ നിന്ന് 3,293.14 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,277.07 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 669.24 കോടി രൂപയായതായി കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 16,163.19 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 19,316.72 കോടി രൂപയായി ഉയര്‍ന്നു. ചെലവിന്റെ കാര്യമെടുത്താല്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ 14,636.29 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 18,725.78 കോടി രൂപയായി ഉയര്‍ന്നു.

കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ 10 രൂപ വിലയുള്ള ഓഹരികളുടെ ലാഭവിഹിതം 144 രൂപ പ്രഖ്യാപിച്ചു. കമ്പനി രണ്ട് തവണ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ വിലയുള്ള ഓഹരിയ്ക്ക് 1,501 രൂപ ലാഭവിഹിതം ലഭിക്കും. വരുന്ന 5 വര്‍ഷത്തേക്ക് കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായി സമീര്‍ തരിയന്‍ മാപ്പിള്ളയെയും, വരുണ്‍ മാമ്മനെയും വീണ്ടും നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. 2022 ഓഗസ്റ്റ് 4 മുതല്‍ വരുന്ന 5 വര്‍ഷത്തേക്കാണ്  നിയമനം നീട്ടിയത്.

Back to top button
error: