NEWS

പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കാൻ 1.5 കോടിയുടെ ഭൂമി ഈദ്ഗാഹിന് വിട്ടുനൽകി ഹിന്ദു സഹോദരങ്ങൾ

ഡെഹ്റാഡൂൺ: അന്തരിച്ച പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ഈദ്ഗാഹിനായി സംഭാവന ചെയ്ത് ഹിന്ദുസഹോദരിമാർ. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിലെ കാശിപുർ ഗ്രാമത്തിലുള്ള സഹോദരിമാരായ സരോജ്, അനിത എന്നിവരാണ് പിതാവ് ബ്രജ്നന്ദൻ പ്രസാദ് രസ്തോഗിയുടെ ആഗ്രഹം യാഥാർഥ്യമാക്കാൻ കൃഷിഭൂമി ഈദ്ഗാഹിനായി വിട്ടുനൽകിയത്.
2003 ജനുവരിയിലാണ് ബ്രജ്നന്ദൻ രസ്തോഗി അന്തരിച്ചത്. ഈദ്ഗാഹ് നടക്കുന്ന സ്ഥലം വിപുലപ്പെടുത്താൻ തന്റെ ഭൂമി വിട്ടുകൊടുക്കാനുള്ള ആഗ്രഹം അടുത്ത ബന്ധുക്കളിൽ ചിലരോട് രസ്തോഗി പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യം മക്കളെ അറിയിക്കുന്നതിന് മുൻപേ അദ്ദേഹം മരിച്ചു.
ഈയടുത്താണ് രസ്തോഗിയുടെ ആഗ്രഹത്തെ കുറിച്ച് ചില ബന്ധുക്കളിൽനിന്ന് സരോജും അനിതയും അറിഞ്ഞത്. തുടർന്ന് ഇവർ, കാശിപുരിൽ താമസിക്കുന്ന സഹോദരൻ രാകേഷ് രസ്തോഗിയുമായി ബന്ധപ്പെട്ടു. രാകേഷും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുന്നതിനോട് യോജിക്കുകയായിരുന്നു.തുടർന്ന് സരോജും അനിതയും ഞായറാഴ്ച കാശിപുരിലെത്തി ഭൂമി കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സരോജ് ഡൽഹിയിലും അനിത മീററ്റിലുമാണ് താമസിക്കുന്നത്.

Back to top button
error: