KeralaNews

നടപടി എടുത്തത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയര്‍ക്ക് എതിരെയെന്ന് കുമ്മനം

പാര്‍ട്ടിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും നടപടിയുണ്ടാകും. അത്തരത്തില്‍ ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

കുമ്മനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

ആദര്‍ശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നല്‍കുന്ന പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.
ഈയടുത്തായി പാര്‍ട്ടിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും അതിന് കാരണക്കാരായവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്ത കാര്യം ഓര്‍ക്കുന്നുണ്ടാവുമല്ലോ?. എന്നാല്‍ അതിന്‍റെ ചുവടുപിടിച്ച്‌ ബിജെപി ഒന്നടങ്കം മോശപ്പെട്ടവരുടെ പാര്‍ട്ടിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരായാലും അത് വെച്ചു പൊറുപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.

 
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനേയും യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. അച്ചടക്ക ലംഘനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ ഉറച്ച നിലപാട്. സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഞാന്‍ വാഗ്ദാനം ചെയ്തതാണ്. അങ്ങനെ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റേയും നിലപാട്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ട് തന്നെയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും കൈക്കൊണ്ടത്.
ചെയ്യാത്ത കുറ്റത്തിന് പാര്‍ട്ടി പഴി കേള്‍ക്കേണ്ടി വരുമ്ബോള്‍ സത്യസന്ധതയും ധാര്‍മ്മികതയും ജനസമക്ഷം തെളിയിക്കേണ്ട ബാധ്യത നമുക്കോരോരുത്തര്‍ക്കും ഉണ്ട്. നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന് പാര്‍ട്ടി വ്യാജ രസീത് അച്ചടിച്ച്‌ പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു രസീത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ അത് യഥാര്‍ത്ഥ രസീത് തന്നെയായിരുന്നു എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

 

ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതു പൊലെ തന്നെയാണ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന മെഡിക്കല്‍ കോളേജ് അഴിമതിയും. ഈ വിഷയത്തിലും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രചരണമുണ്ടായി. രണ്ടു സംഭവങ്ങളിലും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ മനപ്പൂര്‍വ്വം ചിലര്‍ വ്യാപക പ്രചരണം നടത്തിയതായി ബോധ്യപ്പെട്ടു. ഇത്തരത്തില്‍ പാര്‍ട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും നടപടി ഉണ്ടാകും. അത്തരത്തിലുള്ള ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകും.
ഒന്നിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന പൂജ്യത്തിന്‍റെ വിലയാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. ഓരോ പൂജ്യം ചേരുമ്ബോഴും വില പത്തിരിട്ടിയായി വര്‍ദ്ധിക്കും. എന്നാല്‍ അതിനൊപ്പമുള്ള ഒന്ന് പോയാല്‍ ആര്‍ക്കും വിലയുണ്ടാവില്ലെന്ന് നാം ഓരോരുത്തരും കരുതണം.

 

പാര്‍ട്ടിയില്ലായെങ്കില്‍ ആര്‍ക്കും സ്ഥാനമാനങ്ങളോ സാമൂഹ്യ സ്വീകാര്യതയോ ഉണ്ടാകില്ല. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. അഴിമതിയും ക്രമക്കേടും നടത്തി പാര്‍ട്ടിയെ ഇകഴ്ത്താന്‍ ആര് തുനിഞ്ഞാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വീണ്ടും ഉറപ്പ് നല്‍കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close