NEWS

ഈ സര്‍ക്കാരിനേ അത് സാധിക്കൂ, ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല:ടി പത്മനാഭൻ

തിരുവനന്തപുരം:നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു

26 കൊല്ലം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല താനിത് പറയുന്നത്. ഇതിന്റെ ഉദ്ഘാടനദിവസം താന്‍ എന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ കാഴ്ചയാണ് അന്ന് കണ്ടത്. അപരാജിതയായ ഒരുപെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത പെണ്‍കുട്ടിയെ രഞ്ജിത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. കാണികള്‍ക്ക് അത് അത്ഭുതമായിരുന്നു. അവര്‍ക്ക് ലഭിച്ചത് നിലയ്ക്കാത്ത കരഘോഷമായിരുന്നു. അതുകൊണ്ട് മാത്രമാണ് താന്‍ പറയുന്നത് ഇത് സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ചലച്ചിത്ര മേളയായിരുന്നെന്ന് ടി പത്മനാഭന്‍ പറഞ്ഞു.

 

അവരുടെ കേസിലേക്ക് ഒന്നും താന്‍ ഇപ്പോള്‍ പോകുന്നില്ല. താന്‍ നിയമം പഠിച്ചവനാണ്. തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റു. എത്രവലിയനവായാലും ഒരുതരത്തിലുള്ള ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല.ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ- ടി പത്മനാഭന്‍ പറഞ്ഞു.

 

 

അതേസമയം ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക് ലഭിച്ചു.’കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.മാർച്ച് 18ന് ആരംഭിച്ച ചലച്ചിത്ര മേളയിൽ അന്താരാഷ്‌ട്ര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ഉൾപ്പെടെ 173 സിനിമകളാണ്  പ്രദർശിപ്പിച്ചത്.

Back to top button
error: