World

സാങ്കേതിക വിദ്യയിലെ യുഎസിന്റെ മേല്‍ക്കൈ നഷ്ടമായെന്ന് യു.എസ്. സെനറ്റര്‍

വാഷിങ്ടന്‍: നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ യുഎസിന്റെ മേധാവിത്തം നഷ്ടമായെന്നു യുഎസ് സെനറ്റര്‍ ജാക്ക് റീഡ്. ഹൈപര്‍സോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സാങ്കേതിക വിദ്യകളും അവയുടെ ഉപയോഗവും അനുദിനം മെച്ചപ്പെട്ടു വരികയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍, ഒരുകാലത്തു നമ്മളാണ് ഏറെ മുന്നിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഹൈപര്‍സോണിക് മേഖലയില്‍ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പുലര്‍ത്തുന്ന മേല്‍ക്കൈ പ്രകടമാണ്.’ സെനറ്റ് സായുധ സേവന വിഭാഗം അധ്യക്ഷന്‍ കൂടിയായ ജാക്ക് റീഡ് പറഞ്ഞു.

‘ന്യൂക്ലിയര്‍ വിദ്യയില്‍ ആദ്യമായാണ് സോവിയറ്റ് യൂണിയന്‍ അല്ലാതെ മറ്റൊരു രാജ്യവുമായി മത്സരിക്കേണ്ടി വരുന്നത്. ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലാണ് ഇപ്പോള്‍ മത്സരം.’ അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഒട്ടേറെ പുരോഗതി നാം കൈവരിച്ചിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.’ പ്രതിരോധ വിഭാഗം നിയുക്ത അണ്ടര്‍ സെക്രട്ടറി ഡോ. ലാപ്ലാന്റെ റീഡിനു മറുപടി നല്‍കി. സായുധ സേനയ്ക്കുള്ള ഉപകരണങ്ങള്‍ സമയബന്ധിതമായി എത്തിക്കുക എന്ന ദൗത്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ലാപ്ലാന്റെ പറഞ്ഞു.

Back to top button
error: