NEWS

സലാല:മധ്യപൂർവ്വദേശത്തിന്റെ കേരളം

ലാല -പ്രകൃതി ഇത്രത്തോളം കനിഞ്ഞ് അനുഗ്രഹിച്ച മറ്റൊരു പ്രദേശവും ഗൾഫ്‌ മേഖലയിൽ ഇല്ലെന്ന് തന്നെ പറയാം.മരുഭുമിയിൽ ഇതൊരു അദ്ഭുതം തന്നെ.ഗൾഫിലെ കേരളമെന്നു വിളിപ്പരുള്ള സലാലയിൽ മഴത്തുള്ളികൾ തെങ്ങോലകളെയും പച്ച പുതപ്പു വിരിച്ചു നില്ക്കുന്ന കുന്നിൻ ചരിവുകളെയും നെല്പ്പാടങ്ങളെയുമൊക്കെ ഈറനണിയിച്ചു നിർത്തിയിരിക്കുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്.
 

ഒമാന്റെ  തെക്കേയറ്റത്തു  കിടക്കുന്ന സലാല ഒരു സമതല പ്രദേശമാണ്. അതിനു ചുറ്റാകെയും നിരനിരയായി മാമലകൾ. ആ പ്രദേശം ദോഫാർ എന്നാണു അറിയപ്പെടുന്നത്. ഒട്ടു മിക്ക മലകളിലും പല ഗോത്ര കുടുംബക്കാരുടെ ആധിപത്യം ആണ്. അറബ് ലോകത്ത് അറബി  അറിയാതിരുന്നവരാണവർ.ഒമാൻ എന്ന രാജ്യം പുരോഗതിയിലേക്ക് കടന്നതോടെയാണ് അവരും അറബി സ്വായത്തമാക്കിതുടങ്ങിയത്.ജബാലി എന്നതാണ് അവരുപയോഗിക്കുന്ന ഭാഷ.
പച്ച കുടങ്ങൾ കമഴ്ത്തിയിരിക്കുന്ന  പോലുള്ള കരിക്കിൻ കുലകൾ പേറിയാണ് തെങ്ങിൻ തോപ്പുകൾ. ഇടയ്ക്കിടയ്ക്കു മരതകപച്ച പരത്തി കിടക്കുന്ന നെൽപ്പാടങ്ങളും പപ്പായ തോപ്പുകളും വാഴത്തോട്ടങ്ങളും ഒക്കെ കണ്ണിനാനന്ദം കൂട്ടുന്ന കാഴ്ചകൾ തന്നെ.പിന്നെ റോഡിനിരുവശവും പല നിറത്തിലുള്ള വാഴപ്പഴങ്ങളും കരിക്കും ഒക്കെ വിൽക്കുന്ന വഴിയോര കച്ചവടശാലകൾ.ഒട്ടുമിക്കതും മലയാളികളുടെതാണ്.
ആയിരക്കണക്കിന് മലയാളികളുടെ സ്വപ്നഭൂമി കൂടി ആണ് സലാല. കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ആയി സലാലയുടെ വികസനത്തിൽ ഇവരുടെ വിയർപ്പും കൂടിയിട്ടുണ്ട്. പകരം അവരുടെ ജീവിതവും സലാലയെപ്പോലെ പച്ചപിടിച്ചു.
കേരളവും സലാലയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. സലാലയുടെ തെക്കു കിഴക്ക് ഉണ്ടായിരുന്ന പുരാതന നഗരങ്ങളായിരുന്ന അൽ ബലീദും സംഹറവും ഒക്കെ ഇന്ത്യയിലേക്കുള്ള പഴയകാലത്തെ കപ്പൽ  സഞ്ചാര കേന്ദ്രങ്ങളുമായിരുന്നു.
ലോകത്തിലെ ഏറ്റവും മുന്തിയ കുന്തിരിക്കത്തിന്റെ നാടാണിത്. യൂറോപ്പുകാരെയും ചൈനക്കാരെയും മറ്റു അറബു നാട്ടുകാരെയും ഒക്കെ ചരിത്രാതീതകാലം തൊട്ടു ആകര്‍‍ഷിച്ചുകൊണ്ടിരിക്കുന്നതാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കുന്തിരിക്കം.ദോഫാറിലെ കുന്തിരിക്കത്തിന്റെ പ്രശസ്തി അലക്സാണ്ടർ ചക്രവർത്തിയെ പോലും ഇവിടം കീഴടക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് ചരിത്രം. സലാലയ്ക്ക ചുറ്റുമുള്ള മലകളിൽ താമസിച്ചിരുന്ന ഗോത്ര കുടുംബങ്ങളുടെ വരുമാന മാര്‍‍ഗമായിരുന്നു കുന്തിരിക്ക കൃഷി. കാലം മാറി, ജീവിത രീതി മാറി, എണ്ണ പാടങ്ങൾ സ്വർണ്ണ ഖനികളായി, കുന്തി രിക്ക കൃഷി അങ്ങനെ നാമമാത്രവുമായി.
പ്രകൃതിയെ ഒരു തരത്തിലും വേദനിപ്പിക്കില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ധാരാളം സഞ്ചാരികൾ എത്തുന്നതിനാൽ സുരക്ഷയും മാർഗനിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസിന്റെ സജീവസാന്നിധ്യമുണ്ടിവിടെ. കിലോമീറ്ററുകളോളം നീളുന്ന വാഹന പാർക്കിങ് സൌകര്യം. ഉന്മേഷത്തിനായി ചായയും കാപ്പിയും കഹ്വയും ഉള്‍പ്പെടെ ലഘുവിഭവങ്ങളും ജ്യൂസുകളും ഒരുക്കി ഭക്ഷണശാലകൾ.സഞ്ചാരികൾക്ക് ആശങ്കയൊഴിവാക്കാൻ മൊബൈല്‍ ടോയ്ലറ്റുകള്‍, ഗതാഗത തടസ്സമില്ലാതെ എത്തിച്ചേരാവുന്ന സുസജ്ജമായ റോഡുകൾ. പ്രകൃതിയെ അനുഭവിക്കാനെത്തുന്ന സഞ്ചാരികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും വരുത്തരുതെന്ന് നിർബന്ധമുണ്ട് ഇവിടുത്തെ ഭരണകൂടത്തിന്.ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള  വർദ്ധനവ് അതിന് തെളിവാണ്.അറിയുംതോറും ഭ്രമിപ്പിക്കുന്ന, കണ്ടാലും പിന്നെയും കാണാന്‍ കൊതിപ്പിക്കുന്ന അഭൗമ സൗന്ദര്യമാണ് മലനിരകൾക്കിടയിൽ പ്രകൃതി ഇവിടെ കാത്തുവച്ചിരിക്കുന്നതെന്നതിന് യാതൊരു സംശയവുമില്ല.

ഒമാനിലെ ഏറ്റവും പഴയ വാസസ്ഥലങ്ങളിലൊന്നായ ദോഫാറിന്റെ തെക്കൻ പ്രവിശ്യയുടെ തലസ്ഥാനമാണ് സലാല.സലാല എന്നാൽ ‘മിന്നുന്നു’ എന്നാണർത്ഥം. മൂന്ന് വശവും അറേബ്യൻ മരുഭൂമിയാൽ ചുറ്റപ്പെട്ട ഈ നഗരം അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. സലാലയുടെ പുരാതന ചരിത്രവും സാംസ്കാരിക പാരമ്പര്യങ്ങളും പ്രകൃതി സമ്പത്തും ഈ സ്ഥലത്തിന് ഗൾഫിന്റെ തലസ്ഥാനം എന്ന പേരും നൽകിയിട്ടുണ്ട്.

കടൽത്തീരങ്ങളും വാട്ടർ സ്‌പോർട്‌സിന്റെ മികച്ച സംഘാടനവും കൊണ്ട് സലാല ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു. വൈവിധ്യമാർന്ന ഉല്ലാസ പരിപാടികളും പച്ചവിരിച്ച ഗ്രാമങ്ങളും കുന്നുകളും പഴത്തോട്ടങ്ങളും അരുവികളും തടാകങ്ങളും അതിലുപരി പ്രദേശവാസികളുടെ സേവനവും വളരെക്കാലമായി സലാലയുടെ മുഖമുദ്രയാണ്.

Back to top button
error: