Business

ഫെബ്രുവരിയിലെ കിയ മോട്ടോഴ്‌സിന്റെ വില്‍പ്പന 8.5 % വര്‍ധിച്ചു

അനന്തപൂര്‍: ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ നേട്ടം കൊയ്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കഴിഞ്ഞമാസത്തെ വില്‍പ്പന 8.5 ശതമാനം വര്‍ധിച്ച് 18,121 യൂണിറ്റായി ഉയര്‍ന്നതായി കിയ ഇന്ത്യ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ 16,702 യൂണിറ്റുകളായിരുന്നു കിയ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി തുടരുന്നതായി കമ്പനി പറയുന്നു.

കിയയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 6,575 യൂണിറ്റുകളുമായി സെല്‍റ്റോസാണ് ഒന്നാമതുള്ളത്. സോനെറ്റ്, കാര്‍ണിവല്‍ എന്നീ മോഡലുകള്‍ യഥാക്രമം 6154, 283 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിഞ്ഞത്. ഫെബ്രുവരി പകുതിയോടെ വില്‍പ്പന ആരംഭിച്ച കാരന്‍സിന്റെ 5,109 യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി വ്യക്തമാക്കി.

”കാരന്‍സിന്റെ വിതരണം കൂടി ആരംഭിച്ചതിലൂടെ ഇന്ത്യയില്‍ സ്ഥാനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിലൂടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കാനും ലക്ഷ്യമിടുന്നു” – കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ആഗോളതലത്തിലെ സെമികണ്ടക്ടര്‍ ക്ഷാമം മറ്റ് കാര്‍ നിര്‍മാതാക്കളെ പോലെ ഒരു ആശങ്കയായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: