KeralaNews

അമ്മയുടെ തീരുമാനം അറിയിക്കാന്‍ യോഗം: സിനിമാക്കാരുടെ രോഷം മു‍ഴുവൻ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ

കൊച്ചി: താരസംഘടനയായ അമ്മയുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വായ് തുറക്കാതെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. അമ്മയുടെ വാര്‍ത്താ സമ്മേളനം സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോരിലും ബഹളത്തിലുമാണ് കലാശിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശരിയായി മറുപടി നല്‍കാതെ രോഷാകുലരാവുകയായിരുന്നു താരങ്ങള്‍. ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും ദേവനും ഇടവേള ബാബുവും എന്നുവേണ്ട എല്ലാവരും. ദിലീപിനെ പോലീസ് ചോദ്യം ചെയ്തതില്‍ സിനിമാക്കാരുടെ രോഷമത്രയും മാധ്യമങ്ങള്‍ക്ക് നേരെയായിരുന്നു.

 

എന്നാല്‍, ഈ സമയമത്രയും വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും തന്നെ പ്രതികരിച്ചില്ല. ഈ ബഹളത്തിനിടയിലും ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടതും ഇവരുടെ മൗനം തന്നെ. വേദിയിലുണ്ടായിരുന്ന ഗണേഷ് കുമാറും മുകേഷും ഇടവേള ബാബും ദേവനുമെല്ലാം ചോദ്യങ്ങള്‍ക്ക് ചാടിക്കയറി ഉത്തരം പറയാന്‍ തിടുക്കം കാട്ടിയപ്പോള്‍ ലാലും മമ്മൂട്ടിയും ഇതിലൊന്നും ഇടപെടാതെ നില്‍ക്കുകയായിരുന്നു. ബഹളം നിയന്ത്രിക്കാനും രണ്ടുപേരും ശ്രമിച്ചില്ല.

 
വേദിയിലുണ്ടായിരുന്ന ദിലീപും ആദ്യമൊന്നും മിണ്ടിയിരുന്നില്ലെങ്കിലും പിന്നീട് മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അമ്മയുടെ ഭാരവാഹികളാരും നടിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്ന് ഇന്നസെന്റ് പറഞ്ഞു. അപ്പോള്‍ ദിലീപ് അമ്മയുടെ ഭാരവാഹിയല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിനുള്ള വിശദീകരണമായാണ് ദിലീപ് സംസാരിച്ചത്.

 
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട വിഷയത്തെയും ദിലീപും സലീംകുമാറും അജു വര്‍ഗീസും നടത്തിയ വിവാദ പരാമര്‍ശങ്ങളുടെയും പേരില്‍ വിവാദം കൊടുമ്ബിരി കൊണ്ടപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും പ്രതികരിച്ചിരുന്നില്ല. സൂപ്പര്‍താരങ്ങളുടെ ഈ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close