Kerala

ന്യുനമർദം ശക്തിപ്പെടുന്നു; ശനിയാഴ്ച മുതൽ കേരളത്തിൽ മഴ 

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂറില്‍ വീണ്ടും ശക്തിപ്പെട്ട് വെല്‍മാര്‍ക്ഡ് ലോപ്രഷര്‍ ആകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

തുടര്‍ന്ന് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലൂടെ സഞ്ചരിച്ച് മധ്യ, തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കരതൊടാനാണ് സാധ്യത. ഈ സിസ്റ്റം അടുത്ത ദിവസങ്ങളില്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും.

വേനല്‍ മഴയെ ശക്തിപ്പെടുത്താന്‍ ഈ ന്യൂനമര്‍ദത്തിന് കഴിയും. ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമാകും കൂടുതല്‍ മഴ നല്‍കുക. ഒറ്റപ്പെട്ട മഴ കേരളത്തില്‍ മാര്‍ച്ച് അഞ്ചിനു ശേഷം ഉണ്ടാകും. കൂടുതലും തെക്കന്‍ കേരളത്തിനാണ് സാധ്യത. ഇത്തവണ വേനല്‍ സീസണിൻ്റെ തുടക്കത്തിൽ തന്നെ ന്യൂനമര്‍ദം രൂപപ്പെട്ടത് വേനല്‍ ചൂടിന് ആശ്വാസമാകും.

ഇന്നു രാത്രി വൈകിയും നാളെയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള വായുപ്രവാഹം തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിന്റെ തീരപ്രദേശം വഴി തെക്കന്‍ തമിഴ്‌നാട്ടിലൂടെയാണ് കാറ്റിന്റെ ദിശ. ഇതിന്റെ ഒരു ഭാഗം കേരളത്തിലും പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ നല്‍കും.

കാലാവസ്ഥാ പ്രവചന മാതൃകകള്‍ ഈ മാസം 5 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും പ്രാദേശിക അടിസ്ഥാനത്തില്‍ മഴ സാധ്യത തള്ളിക്കളയാനാകില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനം കേരളത്തെ നേരിയ തോതിലേ ബാധിക്കൂ. എന്നിരുന്നാലും ന്യൂനമര്‍ദ സ്വാധീനത്താല്‍ കരകയറുന്ന ഈര്‍പ്പം തമിഴ്‌നാട്ടിലും കേരളത്തിലും മേഘരൂപീകരണത്തിന് കാരണമാകും.

ശനിയാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം മഴക്ക് സാധ്യയുള്ളത്. വടക്കുകിഴക്കന്‍ കാറ്റിന്റെ ശക്തമായ സ്വാധീനം ന്യൂനമര്‍ദത്തിന്റെ ആനുകൂല്യം പൂര്‍ണമായ മഴയായി കേരളത്തില്‍ ലഭിക്കുന്നതിന് തടസമാകും. എങ്കിലും തെക്ക്, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരമോ ആയ മഴ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയില്‍ ഈ ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.

Back to top button
error: